തൃശൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിൽ നിന്ന് തൃശൂർ മേയർ എംകെ വർഗീസ് ക്രിസ്മസ് കേക്ക് വാങ്ങിയത് ശരിയായില്ലെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. ചോറ് ഇവിടെയും കൂറ് അവിടെയും എന്നുള്ള നിലപാടാണ് മേയർക്കെന്നും സുനിൽകുമാർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ച മേയറാണ് ഇടത് മുന്നണിയുടെ എംകെ വർഗീസ്. സുരേന്ദ്രൻ കൊടുത്ത കേക്ക് വഴിതെറ്റി വന്നതല്ല. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. ഇടതുപക്ഷത്തിന്റെ ചെലവിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് അനുവദിക്കാൻ കഴിയില്ല. ബിജെപി സംസ്ഥാന പ്രസിഡൻ്റിന്റെ കയ്യിൽ നിന്ന് കേക്ക് സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമല്ല. പ്രത്യേക സാഹചര്യത്തിലാണ് എംകെ വർഗീസിനെ മേയർ ആക്കിയത്. എന്തുചെയ്താലും മേയർ സ്ഥാനം നഷ്ടപ്പെടില്ലെന്ന് എംകെ വർഗീസിന് അറിയാം. അതിനാൽ ഇനിയൊന്നും ചെയ്യാനില്ല, അദ്ദേഹം തുടരട്ടെയെന്നും എൽഡിഎഫിനെ പരോക്ഷമായി വിമർശിച്ച് വിഎസ് സുനിൽകുമാർ പറഞ്ഞു.
സ്നേഹയാത്രയുടെ ഭാഗമായി എംകെ വർഗീസിന്റെ വീട്ടിലെത്തിയ ബിജെപി നേതൃത്വം മധുരം കൈമാറിയതാണ് സുനിൽ കുമാറിനെ വീണ്ടും ചൊടിപ്പിച്ചത്. നേരത്തെയും മേയർക്കെതിരെ സിപിഐ അതൃപ്തി പരസ്യമാക്കിയിരുന്നു. ഇരുകൂട്ടരും തമ്മിൽ പോര് തുടരുന്നതിനിടെയാണ് മേയർ ക്രിസ്മസ് കേക്ക് കഴിച്ചതിനെതിരെ സിപിഐ വീണ്ടും രംഗത്തെത്തിയത്.