ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം ഭാരതത്തിന് കനത്ത നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മോദിയുടെ വാക്കുകൾ. സവിശേഷനായ പാർലമെന്റേറിയനായിരുന്നു മൻമോഹൻ സിംഗെന്നും അദ്ദേഹത്തിന്റെ ജീവിതം സത്യസന്ധതയുടേയും ലാളിത്യത്തിന്റെയും പ്രതിഫലനമാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ഭാരതത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലത്തും ഓർമിക്കപ്പെടുമെന്നും മോദി എടുത്തുപറഞ്ഞു.
Paid tributes to Dr. Manmohan Singh Ji at his residence. India will forever remember his contribution to our nation. pic.twitter.com/nnNZjiSowN
— Narendra Modi (@narendramodi) December 27, 2024
തീർത്തും സാധാരണമായ പശ്ചാത്തലത്തിൽ നിന്ന് വളർന്നുവന്ന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകൾ വഹിച്ച മൻമോഹൻ സിംഗിന്റെ ജീവിതയാത്രയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇല്ലായ്മയെ അതിജീവിച്ച് എങ്ങനെ വിജയം നേടാമെന്നതിന്റെ പാഠമാണ് മൻമോഹൻ സിംഗിന്റെ ജീവിതം. അദ്ദേഹത്തിന്റെ നൈപുണ്യവും എളിമയും സമഗ്രതയും രാഷ്‌ട്രീയക്കാരുടെ ജീവിതത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഗുണങ്ങളാണ്. 1990-കളുടെ തുടക്കത്തിൽ മൻമോഹൻ സിംഗ് മുന്നോട്ടുവച്ച പരിഷ്‌കാരങ്ങൾ, ഇന്ത്യയെ ഒരു വികസ്വര രാഷ്‌ട്രത്തിൽ നിന്ന് അതിവേഗം വളരുന്ന രാജ്യമാക്കി മാറ്റി. ഭാരതത്തിന്റെ വികസനത്തിനായി മൻമോഹൻ സിംഗ് നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചത്. 92 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു വിയോഗം. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ മൻമോഹൻ സിംഗിന്റെ വേർപാടിൽ രാഷ്‌ട്രീയഭേദമന്യേയുള്ള അനുശോചനങ്ങളാണ് ലോകമെമ്പാടുനിന്നും വരുന്നത്.















