ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ ഹഫീസ് അബ്ദുൾ റെഹ്മാൻ മക്കി മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പ്രമേഹ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഹൃദയസ്തംഭനമുണ്ടായത്.
ലഷ്കർ ഭീകരനായ ഹഫീസ് അബ്ദുൾ റെഹ്മാൻ മക്കി മുംബൈയിലെ ഭീകരാക്രമണ പരമ്പരകളിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ആക്രമണം നടപ്പിലാക്കാൻ ആവശ്യമായ ധനസഹായം മക്കി നൽകിയെന്നാണ് കണ്ടെത്തൽ. 166 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണം 2008ലായിരുന്നു നടന്നത്.
2019 മെയ് 15ന് പാകിസ്താനിൽ അറസ്റ്റിലായ ലഷ്കർ ഭീകരൻ ലാഹോറിൽ വീട്ടുതടങ്കലിലായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന് കണ്ടെത്തിയ പാകിസ്താൻ കോടതി ഇയാളെ ശിക്ഷിച്ച് ജയിലിലച്ചു. ആറ് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. അതിനുശേഷം പാകിസ്താനിൽ തന്നെ കഴിഞ്ഞിരുന്ന മക്കി ഒളിവുജീവിതത്തിന് സമാനമായി ലോ പ്രഫൈൽ കാത്തുസൂക്ഷിക്കുകയായിരുന്നു. 2023ൽ മക്കിയെ ആഗോളഭീകരനായി യുഎൻ പ്രഖ്യാപിക്കുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു. യാത്രാ നിരോധനവും ഏർപ്പെടുത്തി. ഇതിന് പിന്നാലെയാണ് മരണം.