ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശ നേതാക്കൾ. റഷ്യ, ചൈന, യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചത്. ‘മികച്ച നേതാവ്’എന്നാണ് വിദേശ പ്രതിനിധികൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ, ഇന്ത്യയ്‌ക്ക് മഹാനായ ഒരു വ്യക്തിത്വത്തെയും ഫ്രാൻസിന് ഒരു സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു. രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ വിഷമത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് വേണ്ടി പ്രയത്നിച്ച വ്യക്തിയാണെന്നാണ് ഇന്ത്യയിലെ ഫ്രഞ്ച് എംബിസി കുറിച്ചത്.
ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകിയ
മൻമോഹൻ സിംഗിന്റെ വിയോഗം ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കും വേദനാജനകമാണെന്ന് റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവ് എക്സിൽ കുറിച്ചു. ‘മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തതായിരുന്നു’- എന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ഇന്ത്യ- യുഎസ് ബന്ധത്തിൽ ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവന്ന നേതാവാണ് മൻമോഹൻ സിംഗെന്ന് യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി എക്സിൽ കുറിച്ചു. ‘അദ്ദേഹത്തിന്റെ നിസ്വാർത്ഥ സംഭാവനകളെ എന്നും ഓർമിക്കും. ഇന്ത്യയുടെ വളർച്ചയ്‌ക്കും സമൃദ്ധിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രചോദനകരമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗും മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ചു. ‘ഇന്ത്യൻ ജനത ആദരിക്കുന്ന ഒരു മികച്ച നേതാവാണ് അദ്ദേഹമെന്നും മൻമോഹൻ സിംഗിന്റെ വേർപാടിൽ അഗാധമായ ദുഃഖമുണ്ടെന്നും’ ചൈനീസ് അംബാസിഡർ എക്സിൽ കുറിച്ചു.















