മെൽബൺ ടെസ്റ്റിൽ പിടിമുറുക്കിയ ഓസ്ട്രേലിയയുടെ പിടി അയക്കണമെങ്കിൽ ഇന്ത്യക്ക് കാര്യമായി പണിയെടുക്കേണ്ടി വരും. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 164/5 എന്ന നിലയിലാണ് സന്ദർശകർ. 310 റൺസ് ഇപ്പോഴും പിന്നിൽ. 474 റൺസാണ് ഓസ്ട്രേലിയ അടിച്ചുക്കൂട്ടിയത്.അതേസമയം ഇന്ത്യൻ ഇന്നിംഗ്സിൽ ഋഷഭ് പന്ത്(6), രവീന്ദ്ര ജഡേജ(4) എന്നിവരാണ് ക്രീസിൽ.
നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപ് ഡക്കായിരുന്നു. അംഗീകൃത ബാറ്റർമാരായി നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറുമാണ് ഇനി അശേഷിക്കുന്നത്. ഫോളോ ഓൺ ഭീഷണി നേരിടുന്ന ഇന്ത്യക്കത് ഒഴിവാക്കണമെങ്കിൽ രാവിലത്തെ സെഷൻ ഏറെ നിർണായകമാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ 274 റൺസോ അല്ലെങ്കിൽ അതിൽ കുറവാണെങ്കിലോ തീർച്ചയായും ഫോളോ-ഓൺ ചെയ്യേണ്ടി വരും.
എതിർ ടീം നായകന്റെ തീരുമാനം അനുസരിച്ചാകും ഇത്. ഒരിക്കൽ തീരുമാനമെടുത്താൽ പിന്നീട് ഇത് തിരുത്താനുമാകില്ല. ബോർഡർ ഗവാസ്കർ ട്രോഫിയിൽ മെൽബൺ ടെസ്റ്റിന്റെ ഫലം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾക്ക് ഏറെ നിർണായകമാണ്.