പായൽ കപാഡിയ സംവിധാനം ചെയ്ത്, പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ ഇനി ഒടിടിയിൽ. ജനുവരി മൂന്നിനാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം നൽകിയിരിക്കുന്നത്.
സംവിധായിക പായൽ കപാഡിയയാണ് ഇക്കാര്യം അറിയിച്ചത്. ‘എന്റെ ചിത്രത്തിന് തിയേറ്ററിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് ഓർമിക്കുമ്പോൾ രോമാഞ്ചം തോന്നുകയാണ്. എന്റെ സിനിമ കൂടുതൽ പേരിലേക്ക് എത്തുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും’ പായൽ കപാഡിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നവംബർ 22-നാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് റിലീസ് ചെയ്തത്. കനി കുസൃതി, ദിവ്യപ്രഭ, ഛായകദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മുംബൈയിൽ താമസിക്കുന്ന രണ്ട് യുവതികളുടെ കഥ പറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’. നഴ്സുമാരായ യുവതികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. പായൽ കപാഡിയ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരവും ചിത്രം നേടിയിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്രനേട്ടവും ചിത്രം സ്വന്തമാക്കി. നിരൂപക പ്രശംസ നേടിയ ചിത്രം ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.