കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ രാഷ്‌ട്രീയ വിശദീകരണത്തിനായി സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ബഹിഷ്‌കരിച്ച് മുനമ്പം നിവാസികൾ. ‘മുനമ്പം ഭൂമി പ്രശ്‌നം വസ്തുതകളും നിലപാടും’ എൽഡിഎഫ് സർക്കാർ ജനങ്ങൾക്കൊപ്പം എന്ന പേരിൽ മുനമ്പം കടപ്പുറത്ത് സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മയാണ് മുനമ്പം സമരസമിതി ബഹിഷ്‌കരിച്ചത്. സിപിഎം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ പേരിലായിരുന്നു പരിപാടി.
സമരപന്തലിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലാത്ത സി.പി.എമ്മിന്റെ മുൻപിലേക്ക് പോകേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു സമരം ചെയ്യുന്ന കുടുംബങ്ങൾ. മുനമ്പം സമരം 76 ദിവസം പിന്നിടുമ്പോഴാണ് സിപിഎം ബഹുജനക്കൂട്ടായ്മ സംഘടിപ്പിച്ചത്. മുനമ്പത്തെ താമസക്കാരെ ലക്ഷ്യമിട്ടായിരുന്നു പരിപാടി. ബീച്ച് മേളയിൽ ലൈറ്റ് ഓൺ ചെയ്യാൻ പോയ പഞ്ചായത്ത് പ്രസിഡന്റ് പോലും ഇത്രയും നാളായി സമരഭൂമിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് സമരത്തിൽ പങ്കെടുക്കുന്നവർ വിമർശിച്ചു.
താൽപര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് പറഞ്ഞിട്ടുപോലും ആരും പോകാൻ കൂട്ടാക്കിയില്ല. 76 ദിവസമായി ഞങ്ങളെ കാണാത്തവരുടെ മുൻപിലേക്ക് ചെല്ലേണ്ട എന്ന നിലപാടിലാണ് സമരത്തിൽ പങ്കെടുക്കുന്നവരെന്ന് സ്ഥലവാസികൾ പറയുന്നു.
റവന്യൂ അവകാശം നഷ്ടപ്പെട്ടിട്ട് മൂന്ന് വർഷമാകുന്നു. ഇതുവരെ സ്ഥലം എംഎൽഎ പറയുന്നത് കേട്ടുനിന്നു. അതിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടാണ് സമരവുമായി ഇറങ്ങിയത്. മുനമ്പത്തെ പ്രാദേശിക സിപിഎം നേതാക്കളിൽ ഒരാൾ പോലും സമരവേദിയിലെത്തി സമാധാനവാക്ക് പറയാനോ ആശ്വസിപ്പിക്കാനോ ചേർത്തുനിർത്താനോ തയ്യാറായിട്ടില്ലെന്നും സമരത്തിൽ പങ്കെടുക്കുന്നവർ ജനം ടിവിയോട് പറഞ്ഞു.
എംഎൽഎ കഴിഞ്ഞ ദിവസം സമരവേദിയിലെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല. തങ്ങളുടെ ഭൂമി വഖ്ഫ് അല്ലെന്ന് സിപിഎമ്മിലെ ഒരാൾ പോലും പറഞ്ഞിട്ടില്ല. 33 വർഷങ്ങളായി ഉപയോഗിക്കുന്ന ഭൂമി ഒരു നോട്ടീസ് പോലും നൽകാതെ, സർവ്വെ നടത്താതെ വഖ്ഫ് ബോർഡിലേക്ക് എഴുതിയെടുത്ത കാട്ടുനീതിയാണ് നടന്നതെന്നും ആ അനീതിക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും സമരവേദിയിലുണ്ടായിരുന്നവർ പറഞ്ഞു.
മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയാണ് മുനമ്പം സമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ ബഹിഷ്‌കരിച്ചത്.