പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃത മദ്യവിൽപ്പന. സന്നിധാനത്ത് പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശാസ്താഹോട്ടലിൽ നിന്നാണ് വിദേശമദ്യം പിടികൂടിയത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി ബിജുവാണ് പിടിയിലായത്.
സന്നിധാനം എൻഎസ്എസ് ബിൽഡിംഗിന് സമീപമാണ് ശാസ്താഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന് സമീപത്ത് നിന്നാണ് പൊലീസ് ബിജുവിനെ പിടികൂടിയത്. ഏറെ നാളുകളായി സന്നിധാനത്ത് മദ്യവിൽപ്പന നടക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൂർണമായും മദ്യ-ലഹരി നിരോധിത മേഖലയിൽ നിന്ന് മദ്യം കണ്ടെത്തിയത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
കർശന പരിശോധനകൾ നടത്തിയ ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. എന്നാൽ, സന്നിധാനത്ത് ഉൾപ്പെടെ മദ്യം വിൽക്കുന്നുണ്ടെന്ന വിവരം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
Leave a Comment