തൃശൂർ: തിരുവമ്പാടി ദേവസ്വം വേലയോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്. പെസോ നിർദ്ദേശ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് ഉത്തരവിറക്കിയത്. ജനുവരി മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ഉത്തരവിറക്കിയത്.
വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ജില്ലാ ഫയർ ഓഫീസർ, സിറ്റി പൊലീസ് കമ്മീഷണർ, കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവരുടെ റിപ്പോർട്ടുകളും നിർണായകമായി. വെടിക്കെട്ട് നടത്താൻ നിശ്ചയിച്ച സ്ഥലവും മാഗസിനും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരപരിധി. കേന്ദ്ര ചട്ടപ്രകാരം 200 മീറ്റർ ദൂരമാണ് വേണ്ടത്. വെടിക്കെട്ട് പ്രദർശനം നടത്തുന്ന സ്ഥലത്തിന്റെ 250 മീറ്റർ പരിധിയിൽ രണ്ട് പെട്രോൾ പമ്പുകളും സ്കൂളും തൃശൂർ ജില്ലാ സഹകരണ ആശുപത്രിയും ഉണ്ടെന്ന് തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു.
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിനും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 78 മീറ്റർ ദൂരമുള്ളതാണെന്നും കാണികൾ നിൽക്കുന്ന സ്ഥലവും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 100 മീറ്റർ അകലം മാത്രമാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. വെടിക്കെട്ട് നടത്തുന്നതിന് നിയോഗിച്ചിട്ടുള്ളവരോട് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് അനുവദിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കളക്ടർ ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകളുടെ റിപ്പോർട്ട് പരിഗണിച്ചാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ദേവസ്വങ്ങളുടെ അപേക്ഷ നിഷേധിച്ചത്.















