യുഎഇയിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് നിയന്ത്രണം. ഒൻപത് അടിസ്ഥാന ഉത്പന്നങ്ങളുടെ വിലകൂട്ടാൻ ചില്ലറവിൽപ്പനക്കാർ മുൻകൂർ അനുമതിവാങ്ങണമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ജനുവരി രണ്ട് മുതലാണ് മുൻകൂർ അനുമതി വാങ്ങേണ്ടത്. അരി, മുട്ട, പാചകയെണ്ണ, പാലുത്പന്നങ്ങൾ, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, ഗോതമ്പ്, റൊട്ടി എന്നീ അടിസ്ഥാന വസ്തുക്കളുടെയൊന്നും വില അനുമതിയില്ലാതെ വർദ്ധിപ്പിക്കാനാവില്ല.
പുതിയ നയപ്രകാരം സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി റീട്ടെയിൽ സ്റ്റോറുകളിൽ വിലകൾ പ്രദർശിപ്പിക്കണം. അടിസ്ഥാന ഉത്പന്നങ്ങൾക്ക് തുടർച്ചയായി വില വർദ്ധിപ്പിക്കുകയാണെങ്കിൽ കുറഞ്ഞത് ആറുമാസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. അനധികൃത വിൽപനരീതി ഇല്ലാതാക്കി വിപണി സ്ഥിരത ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ ഉൽപന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തും.
പുതിയ ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിതരണക്കാർ, ചില്ലറവ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ എന്നിവർക്കെല്ലാം ബാധകമാണ്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ട്.