കൊച്ചി: ശിവഗിരി തീർത്ഥാടകർക്ക് സഹായമായി കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ സർവ്വീസുമായി റെയിൽവേ. തീർത്ഥാടനം നടക്കുന്ന ഡിസംബർ 30, 31 ജനുവരി 1 തീയതികളിലാണ് കൊച്ചിയിൽ നിന്നും പ്രത്യേക സർവ്വീസുകൾ നടത്തുക.
ശിവഗിരി മഠം നൽകിയ നിവേദനവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസിന്റെ ഇടപെടലിനെയും തുടർന്നാണ് സ്‌പെഷ്യൽ സർവ്വീസ് അനുവദിച്ചത്.
ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ സർവ്വീസ് നടത്തും. എറണാകുളത്ത് നിന്നും വർക്കല റെയിൽവേ സ്‌റ്റേഷൻ പിന്നിട്ട് കൊച്ചുവേളി വരെയാണ് സർവ്വീസ്. ഉത്സവ സീസണുകളിൽ തിരക്ക് കുറയ്‌ക്കാനായി സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്താനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് റെയിൽവേയുടെ നടപടി.
രാജ്യത്തിന് അകത്ത് നിന്നും പുറത്തുനിന്നും 30 ലക്ഷത്തോളം പേർ പങ്കെടുക്കുന്ന തീർത്ഥാടനമാണ് ശിവഗിരിയിലേത്. ശബരിമല കഴിഞ്ഞാൽ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്. ആദ്യമായിട്ടാണ് ശിവഗിരി തീർത്ഥാടകർക്കായി റെയിൽവേ സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുന്നത്.
മെമു എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. 92 ാമത് ശിവഗിരി തീർത്ഥാടനമാണ് നടക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെയായി തീർത്ഥാടന കാലയളവ് ദീർഘിപ്പിച്ചിരുന്നു. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ 30 ന് രാവിലെ 10 മണിക്ക് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.