റാഞ്ചി: നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഝാർഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(NIA)യുടെ റെയ്ഡ്. സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധപ്പെട്ട കേസിലാണ് ഝാർഖണ്ഡിലെ ഗിരിധിയിൽ തെരച്ചിൽ നടന്നത്.
നക്‌സൽ പ്രവർത്തകരെന്ന് സംശയിക്കപ്പെടുന്നവരുടെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും എൻഐഎ സംഘം വ്യാപക പരിശോധന നടത്തി. റെയ്ഡിനിടെ നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. ഇവ വിശദമായ പരിശോധനകൾക്ക് വിധേയമാക്കും.
നിരോധിത തീവ്രവാദ സംഘടനയായ സിപിഐ (മാവോയിസ്റ്റ്) യുടെ നക്സൽ കേഡറായ കൃഷ്ണ ഹൻസ്ദയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ്. 2023 ജനുവരിയിൽ ദുമ്രിയിലെ ലൂസിയോ വനമേഖലയിൽ വെച്ചാണ് സിപിഐ (മാവോയിസ്റ്റ്) റീജിയണൽ കമ്മിറ്റി അംഗമായ ഹൻസ്ദ അറസ്റ്റിലായത്.
2023 ജൂണിലാണ് എൻഐഎ കേസ് ഏറ്റെടുക്കുന്നത്. ഗിരിധിയിലെ പരസ്‌നാഥ് ഏരിയയിൽ സിപിഐ (മാവോയിസ്റ്റ്) ക്ക് ലോജിസ്റ്റിക്‌സും ഇലക്‌ട്രോണിക് ഉപകരണങ്ങളും വിതരണം ചെയ്തതിൽ ഉൾപ്പെട്ടതായി കരുതുന്ന ചില പ്രതികളേയും നക്‌സലുകളേയും എൻഐഎ കണ്ടെത്തി. ഇവർക്കെതിരായ അന്വേഷണത്തിനതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം നടന്ന റെയ്ഡ്.