സോൾ: രാജ്യത്ത് നിലനിൽക്കുന്ന രാഷ്‌ട്രീയാസ്ഥിരതയും ഭരണഘടനാ പ്രതിസന്ധിയും മൂർച്ഛിപ്പിച്ചു കൊണ്ട് ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു.
മുൻപ്രസിഡന്റ് യൂൻ സുക് യോൾ ഹ്രസ്വകാല പട്ടാളനിയമം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ദക്ഷിണ കൊറിയൻ രാഷ്‌ട്രീയം കലങ്ങി മറിഞ്ഞത് . മുൻപ്രസിഡന്റ് യൂൻ സുക് യോളിനെ പാർലിമെന്റ് ഇംപീച്ച് ചെയ്തിരുന്നു. യോളിന്റെ ഇംപീച്ച്‌മെന്റ് ശരിവെക്കണോയെന്ന കാര്യം ഭരണഘടനാക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കുന്നത്.
ഹാൻ ഡക്ക് സൂവിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാർലമെന്റ് പാസാക്കിയെങ്കിലും അന്തിമതീരുമാനമെടുക്കേണ്ടത് ഭരണഘടനാക്കോടതിയാണ്. സൂയെ ഇംപീച്ച് ചെയ്തതിനുപിന്നാലെ, ദക്ഷിണകൊറിയൻ നിയമപ്രകാരം ധനമന്ത്രി ചൊയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു.
ഭരണഘടനാക്കോടതിയിലെ ഒഴിവുകൾ നികത്താൻ മൂന്നു ജസ്റ്റിസുമാരെ അടിയന്തരമായി നിയമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രധാനപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി സൂവിനെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. 300 അംഗ നാഷണൽ അസംബ്ലിയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷമുള്ളത്. 192 പേർ പ്രമേയത്തെ അനുകൂലിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പിലൂടെയാണ് സൂവിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഭരണകക്ഷിയായ പീപ്പിൾസ് പവർ പാർട്ടി (പി.പി.പി.) അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഡിസംബർ 14-ന് മുൻപ്രസിഡന്റ് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തതോടെയാണ് പ്രധാനമന്ത്രിയായ ഹാൻ ഡക്ക് സൂ ആക്ടിങ് പ്രസിഡന്റായത്.















