തിരുപ്പതി : തിരുമല തിരുപ്പതി ദേവസ്ഥാനത്ത് അഹിന്ദു ജീവനക്കാരെ ഒഴിവാക്കുമെന്നുള്ള (ടിടിഡി) ട്രസ്റ്റ് ബോർഡിന്റെ നിലപാടിനെതിരെ കോൺഗ്രസ് രംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്താ മോഹന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തിരുമലയിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്ന ആവശ്യം ആന്ധ്രാ സർക്കാരിനെ അറിയിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) പുതിയ ചെയർമാൻ ബി.ആർ നായിഡു ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു.
തിരുപ്പതിയിലെ ജീവനക്കാരിൽ അഹിന്ദുക്കളെ ഒഴിവാക്കാൻ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) പിന്നീട് രംഗത്തു വന്നിരുന്നു. അഹിന്ദുക്കളായ ജീവനക്കാർ സർക്കാരിന്റെ മറ്റ് സെക്ടറുകളിൽ ജോലി നോക്കുകയോ സ്വമേധയാ വിരമിക്കുന്ന വൊളന്ററി റിട്ടയർമെന്റ് സ്കീം (VRS) തിരഞ്ഞെടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് TTD പ്രമേയം പാസാക്കി
അഹിന്ദുക്കളെ പിരിച്ചുവിടുന്നതിനോ മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്ക് അവരെ പുനർനിയമനം ചെയ്യാൻ ശുപാർശ ചെയ്യുന്നതിനോ ഉള്ള ടിടിഡിയുടെ ഉദ്ദേശ്യം ജീവനക്കാർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് ടിടിഡി അഡ്മിനിസ്ട്രേഷൻ മന്ദിരത്തിന് സമീപം നടന്ന പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കോൺഗ്രസ് നേതാവ് ഡോ . ചിന്താ മോഹൻ പറഞ്ഞു.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പ്രത്യേക ദർശനത്തിനായി ജീവനക്കാർക്കും മാധ്യമപ്രവർത്തകർക്കും എം.എൽ.എ.മാരും എം.പി.മാരും ശുപാർശ കത്തുകൾ നൽകിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് വന്ന ടിഡിപി സർക്കാരിന്റെ കീഴിൽ ഈ സമ്പ്രദായം നിർത്തലാക്കിയതിനെ ഡോ . ചിന്താ മോഹൻ ചോദ്യം ചെയ്തു.
ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന സ്വതന്ത്ര ട്രസ്റ്റാണ് ടിടിഡി. അഹിന്ദുക്കളായ തൊഴിലാളികളെ ക്ഷേത്രജീവനക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രസ്റ്റ് ചെയർമാൻ ബി.ആർ നായിഡു.















