കുറുമ്പ് കാണിക്കുന്ന കുട്ടികളെ പേടിപ്പിക്കാൻ മാതാപിതാക്കൾ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു അടവുണ്ട്.. അധികം കളിച്ചാൽ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി സൂചികുത്തുമെന്ന്. ഈപ്പറഞ്ഞ സൂചികുത്തലിനെ ഭയക്കുന്നത് കുട്ടകൾ മാത്രമല്ല എന്നതാണ് മറ്റൊരു വസ്തുത. സിറിഞ്ച് കണ്ടാൽ തലകറങ്ങുന്ന മുതിർന്നവരുമുണ്ട്. ഉറുമ്പ് കടിക്കുന്ന വേദനയേയുള്ളൂവെന്ന് ഡോക്ടർമാർ പറയുമെങ്കിലും ഇഞ്ചക്ഷനെ ഭയക്കുന്ന നിരവധി പേരാണുള്ളത്. ഇതിന് പ്രധാന കാരണം ‘വേദന’ തന്നെ..
ചെറിയൊരു വേദനയാണെങ്കിലും വേദന തന്നെയാണല്ലോയെന്നാണ് ഇക്കൂട്ടരുടെ പരാതി. എന്നാൽ ഈ ആശങ്കകൾക്കെല്ലാം പരിഹാരം കണ്ടിരിക്കുകയാണ് ബോംബെ ഐഐടി. വേദനപ്പിക്കാതെ സൂചികുത്താൻ, ‘സൂചിയില്ലാ’ സിറിഞ്ചാണ് IITയിലെ ഗവേഷകസംഘം കണ്ടുപിടിച്ചിരിക്കുന്നത്.
IIT-ബോംബെയിലെ എയ്റോസ്പേസ് ഡിപ്പാർട്ട്മെന്റിലുള്ള പ്രൊഫസർ വീരൻ മെനസസ് നയിക്കുന്ന സംഘമാണ് കണ്ടെത്തലിന് പിന്നിൽ. സൂചിയെ പേടിച്ച് സിറിഞ്ച് കുത്തുന്നതിൽ നിന്ന് ഒഴിവാകുന്ന ആയിരക്കണക്കിന് പേർക്ക് പുതിയ കണ്ടുപടിത്തം സഹായകമാകുമെന്ന് ഗവേഷകസംഘം പറയുന്നു.
ഷോക്ക് സിറിഞ്ച് (shock syringe)
സൂചിയില്ലാ സിറിഞ്ചിനായി ഷോക്ക് സിറിഞ്ചാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. ചർമ്മത്തിന് നാശം വരുത്തുകയോ, അണുബാധയുണ്ടാവുകയോ ചെയ്യില്ലെന്നതാണ് ഷോക്ക് സിറിഞ്ചിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ നീഡിൽ-സിറിഞ്ചിനേക്കാൾ ഫലപ്രാപ്തി കൂടുതലായിരിക്കുമെന്നും സംഘം അറിയിച്ചു. ഇതുസംബന്ധിച്ച ഗവേഷണ പ്രബന്ധം 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ ജേണൽ ഓഫ് ബയോമെഡിക്കൽ മെറ്റീരിയൽസ് ആൻഡ് ഡിവൈസസിൽ വിശദമായ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവർത്തനം
ശബ്ദത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ഉയർന്ന ഊർജ്ജ തരംഗങ്ങൾ (high-energy shock waves) വഴിയാണ് സിറിഞ്ചിലുള്ള മരുന്ന് ശരീരത്തിലേക്ക് എത്തിക്കുക. സോണിക് ബൂമിന് സമാനമായ പ്രവർത്തനമാണിത്. (ശബ്ദത്തേക്കാൾ വേഗത്തിൽ എയർക്രാഫ്റ്റ് സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഇടിമുഴക്കം പോലുള്ള ശബ്ദത്തെയാണ് സോണിക് ബൂം എന്ന് പറയുന്നത്.) അതായത് എയ്റോസ്പേസ് എഞ്ചിനീയറിംഗ് അടിസ്ഥാനപ്പെടുത്തിയാണ് സിറിഞ്ച് വികസിപ്പിച്ചിരിക്കുന്നതെന്ന് സാരം.
2021 മുതലുള്ള പ്രയത്നമാണ് ഒടുവിൽ ഫലം കണ്ടതെന്ന് ഗവേഷണ പ്രബന്ധമെഴുതിയ പ്രധാന റിസർച്ച് സ്കോളാർ പ്രിയങ്ക ഹാങ്കറെ പറഞ്ഞു. രണ്ടര വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ഷോക്ക് സിറിഞ്ച് വികസിപ്പിക്കാൻ കഴിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
ബോൾപോയിന്റ് പേനയേക്കാൾ നീളമുള്ള സിറിഞ്ചായിരിക്കും ഇതിന് ഉപയോഗിക്കുക. ഒരു ഭാഗത്ത് സമ്മർദ്ദംകൂടിയ നൈട്രജൻ വാതകം നിറയ്‌ക്കും. മരുന്ന് അതിവേഗം ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഈ വാതകത്തിന്റെ സഹായത്തോടെയാണ്. മുടിനാരിന്റെ വീതിയോളം വരുന്ന കുഞ്ഞൻ മുറിവ് മാത്രമാണ് ഷോക്ക് സിറിഞ്ച് പ്രയോഗിക്കുമ്പോൾ ശരീരത്തിലുണ്ടാവുക. എലികളിൽ പരീക്ഷിച്ച് വിജയിച്ച ഷോക്ക് സിറിഞ്ച് വൈകാതെ മനുഷ്യരിൽ പ്രയോഗിച്ച് റെഗുലേറ്ററി അപ്രൂവൽ നേടുമെന്നും ഗവേഷക സംഘം അറിയിച്ചു.