വ്യായാമ മുറകളിൽ ഏറ്റവും ലളിതമാണ് നടത്തം. തുടർച്ചയായി നടക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. ഹൃദയത്തിന്റെ ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ നടത്തം ഗുണം ചെയ്യുന്നു. മാനസിക ഉല്ലാസം നൽകാനും ഉത്കണ്ഠ അകറ്റാനും നടക്കുന്നത് നല്ലതാണ്.
തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും നടക്കാൻ സമയമുണ്ടാകില്ലെന്നതാണ് വാസ്തവം. ചിലർ മടി പിടിച്ചിരിക്കുന്നവരാകും. മറ്റ് ചിലരാകട്ടെ, രാവിലെ നടക്കണോ വൈകുന്നേരം നടക്കണോ എന്നറിയാതെ ഇരിക്കുന്നവരാകും. അത്തരക്കാർക്കുള്ള ഉത്തരമിതാ..
രാവിലെത്തെ നടത്തം
രാവിലെത്തെ നടത്തം ശരീരത്തിനും മനസിനും ഉണർവ് നൽകുന്നു. അരിച്ചിറങ്ങുന്ന സൂര്യരശ്മികളും ശുദ്ധവായും പ്രത്യേക അനുഭൂതി തന്നെ നൽകും. രാവിലെത്തെ വെയിൽ വിറ്റാമിൻ ഡിയുടെ ഉറവിടമാണ്. എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ വിറ്റാമിൻ ഡി നടത്തത്തിലൂടെ ലഭിക്കുമെന്ന് ചുരുക്കം. ഊർജ്ജസ്വലതയോടെ ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും രാവിലെ നടക്കാൻ മടിക്കേണ്ട.
വെറും വയറ്റിൽ നടക്കുന്നത് കലോറി വേഗത്തിൽ എരിച്ച് കളയാൻ സഹായിക്കും. ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവരും അതിരാവിലെ നടക്കുന്നത് നല്ലതാണ്. വിദ്യാർത്ഥികൾ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. രാവിലെ 15 മിനിറ്റെങ്കിലും നടക്കുന്നത് വലിയ മാറ്റങ്ങൾക്ക് വഴിവയ്‌ക്കും.
വൈകുന്നേരത്തെ നടത്തം
തിരക്കേറിയ ദിനത്തിന് വിരാമമിടാൻ വൈകുന്നേരത്തെ നടത്തം സഹായിക്കും. നാലുമണി കാറ്റേറ്റുള്ള നടത്തം ആ ദിവസത്തെ ഉത്കണ്ഠയും ജോലിഭാരവുമൊക്കെ മാറ്റുന്നതിൽ നിർണായകമാകും. വൈകുന്നേരം നടക്കുന്നത് വഴി ടെൻഷൻ കുറയ്‌ക്കുന്ന എൻഡോർഫിൻ ഉത്പാദനം വർദ്ധിക്കും. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്കും അമിത ജോലി ചെയ്യുന്നവരും ഇത്തരത്തിൽ നടക്കുന്നത് നല്ലതാണ്.
അത്താഴത്തിന് ശേഷമുള്ള നടത്തം
അത്താഴത്തിന് ശേഷം അരക്കാതം നടക്കണമെന്നാണ് ചൊല്ല് തന്നെ. ദഹനം ശരിയാകാനാണ് ഇങ്ങനെ ചെയ്യണമെന്ന് പറയുന്നത്. വയർ വീർക്കുന്നത് തടയാനും ഗ്യാസ് പ്രശ്നങ്ങൾ അകറ്റാനും ഇത് സഹായിക്കും. രാത്രിയിൽ അമിതമായി കഴിക്കുന്നവർ തീർച്ചയായും നടക്കണം.
നടക്കാൻ മികച്ച സമയമേത്?
രാവിലെയും വൈകുന്നേരവുമുള്ള നടത്തം ഹൃദയത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും കരുത്തിനും ഒരു പോലെ ഗുണം ചെയ്യും. വെറും വയറ്റിലുള്ള നടത്തം കലോറി എരിച്ച് കളയാൻ മികച്ച ഓപ്ഷനാണ്. ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും വൈകുന്നേരത്തെ നടത്തം സഹായിക്കും. വിശ്രമത്തിനും ഉത്കണ്ഠ അകറ്റാനും വൈകുന്നേരകമാകാം നടത്തം. ഉറക്കം നന്നാകാനും ഇത് സഹായിക്കും. 15 മിനിറ്റ് വീതം രാവിലെയും വൈകുന്നേരവും നടക്കുന്നതാണ് ഏറ്റവും നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.