അല്ലു അർജുൻ കാരണം തെലുങ്ക് സിനിമാ മേഖലയ്‌ക്ക് മുഖ്യമന്ത്രിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നുവെന്ന് സംവിധായകൻ തമ്മറെഡ്ഡി ഭരദ്വാജ്. പുഷ്പ 2-ന്റെ ആദ്യ ഷോയിലെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്ന് തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് അല്ലു അർജുനെതിരെ സംവിധായകൻ വിമർശനം ഉന്നയിച്ചത്.
സന്ധ്യ തിയേറ്ററിൽ വച്ച് യുവതി മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് തമ്മറെഡ്ഡിയുടെ വാക്കുകൾ ആരംഭിച്ചത്. “എല്ലാവർക്കും തെറ്റുകൾ സംഭവിക്കാം. എന്നാൽ തെറ്റ് മനസിലായിട്ടും അതിനെ നുണകൾ കൊണ്ട് മറച്ചുവെയ്‌ക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.
സിനിമാ താരങ്ങളെ ദൈവമായാണ് ആരാധകർ കാണുന്നത്. താരങ്ങൾ പോകുന്നയിടത്തെല്ലാം റോഡ് ഷോ നടത്തണമെന്നും തുറന്നവാഹനങ്ങളിൽ സഞ്ചരിക്കണമെന്നുമൊക്കെയാണ് ആരാധകർ ആഗ്രഹിക്കുന്നത്. ആരും അറിയാതെ തിയേറ്ററിൽ എത്തുകയും ബഹളമാെന്നുമില്ലാതെ തിരികെ മടങ്ങുകയും ചെയ്തിരുന്നെങ്കിൽ ഈ സംഭവം ഉണ്ടാവില്ലായിരുന്നു”.
“ചിരഞ്ജീവിയോ നാഗാർജുനയോ ആയിരുന്നെങ്കിൽ വിവേകത്തോടെ പെരുമാറിയേനെ. തിയേറ്ററിൽ വന്ന് സിനിമ കാണണമെന്ന പ്ലാനുണ്ടെങ്കിൽ അവർ നിശബ്ദമായി വന്നുപോകും. എന്നാലിവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. താരങ്ങൾ തിയേറ്ററിലെത്തുന്നതിന് മുമ്പ് തന്നെ വിവരം എല്ലാവരും അറിഞ്ഞിരുന്നു. ഇതാണ് എല്ലാത്തിനും കാരണമായത്. എല്ലാവരെയും പോലെ താനും ഒരു മനുഷ്യനാണെന്ന തിരിച്ചറിവ് താരങ്ങൾക്ക് ഉണ്ടാകണമെന്നും” തമ്മറെഡ്ഡി വീഡിയോയിൽ പറയുന്നു.
തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെയും തിയേറ്റർ ഉടമയ്‌ക്കെതിരെയും കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത താരത്തെ ഒരു ദിവസം ജയിലിൽ പാർപ്പിച്ചതിന് ശേഷമാണ് വിട്ടയച്ചത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം സിനിമാ മേഖലയിലുള്ളവരുടെ യോഗം വിളിച്ചുചേർത്തിരുന്നു.