ഭരണഘടനാ ശില്പിയായ അംബേദ്കറെ പിന്നില് നിന്ന് കുത്തുകയാണ് ഇടതുപക്ഷവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അന്നും ഇന്നും ചെയ്യുന്നത്. ജാതിചിന്തയ്‌ക്ക് അടിമപ്പെട്ടുപോയ നെഹ്റുകോൺഗ്രസ് എല്ലാ കാലത്തും അംബേദ്കറെ അകറ്റിനിർത്താൻ ശ്രമിച്ചു. ”കോൺഗ്രസ്പ്രസ്സ്” എന്ന് അംബേദ്കര് തന്നെ വിശേഷിപ്പിച്ച മാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പരിഹസിക്കുവാനും അടിച്ചമർത്താനുമാണ് ശ്രമിച്ചത്.
1952 -ൽ അംബേദ്കറെ ഭണ്ഡാര നിയോജകമണ്ഡലത്തിൽ നിന്ന് പരാജയപ്പെടുത്താൻ നെഹ്റുകോൺഗ്രസ് മുന്നിട്ടിറങ്ങിയത് ഈ വസ്തുതയെ സാധൂകരിക്കുന്നു. എല്ലാ എതിർപ്പുകളെയും അടിച്ചമർത്തലുകളെയും മറികടന്ന് അംബേദ്കർ ഉറച്ച ശബ്ദത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജാതിരാഷ്‌ട്രീയത്തിനെതിരെ ശബ്ദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി. ”ഈ കോൺഗ്രസ് മാദ്ധ്യമങ്ങളെ എനിക്ക് നന്നായറിയാം. ഞാൻ ഒരു വിലയും അതിന് കൽപ്പിക്കുന്നില്ല. ഞാൻ ചെയ്യുന്നതിനെയെല്ലാം വിമർശിക്കുവാനും ഇകഴ്‌ത്തുവാനും ശകാരിക്കുവാനും മാത്രമേ അവർക്ക് അറിയുകയുള്ളൂ. എന്റെ ഒരു പ്രവൃത്തിയും അവർക്ക് സ്വീകാര്യമല്ല” (1943 -ൽ ഗോവിന്ദ് റാനഡെയുടെ 101 -ാം ജന്മവാർഷിക ആഘോഷ പരിപാടിയിൽ സംസാരിക്കവെ അംബേദ്കർ പറഞ്ഞത്).
അംബേദ്കറെ പിന്നിൽ നിന്ന് കുത്തുകയാണ് ഇടതുപക്ഷവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അന്നും ഇന്നും ചെയ്യുന്നത്.
ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭരണഘടനാ നിർമാണ സഭയിലേക്ക് അംബേദ്കറെ തിരഞ്ഞെടുത്തത് ഞങ്ങളാണെന്ന വാദമുഖം നിരത്തുമ്പോൾ മറച്ചുപിടിക്കപ്പെട്ട മറ്റൊരു സത്യമുണ്ട്. അംബേദ്കറുടെ മഹത്വം മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ച് നെഹ്റുവും സംഘവും ആദ്യം സമീപിച്ചത് വൈദേശികരായ നിയമജ്ഞരെയായിരുന്നു. പക്ഷെ ആ നിയമജ്ഞർ തന്നെ 1935 -ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിർമ്മിച്ച അഗ്രഗണ്യനായ അംബേദ്കറെ നിർദ്ദേശിക്കുകയായിരുന്നു. ഇതില് നിന്ന് വ്യക്തമാകുന്നത് എത്രമാത്രം അംബേദ്കറെ അകറ്റിനിർത്താൻ നെഹ്റുവും കൂട്ടരും ശ്രമിച്ചിരുന്നെന്നാണ്.
മറുവശത്ത് ഡാങ്കെയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നടത്തിവന്നിരുന്ന വിഷലിപ്തമായ ജാതിരാഷ്‌ട്രീയത്തിനെതിരെയും സന്ധിയില്ലാ സമരമാണ് അംബേദ്കർ നടത്തിവന്നത്. അതിനെ വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ. ”ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന് യാതൊരു ബന്ധവും ഒരു കാലത്തും കമ്യൂണിസ്റ്റ് പാർട്ടിയുമായി ഉണ്ടാവുകയില്ല. കമ്യൂണിസ്റ്റ് പാർട്ടിയെന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഹനിക്കുന്നതും സ്വേച്ഛാധിപത്യത്തിനു പകരമാകാൻ സാധിക്കുന്നതുമാണ്. അക്കാരണത്താൽ ഞാൻ കമ്യൂണിസത്തെ വിശ്വസിക്കുന്നില്ല” (ഡോ. ബാബാ സാഹെബ് അംബേദ്കർ റൈറ്റിംഗ്‌സ് ആൻഡ് സ്പീച്ചസ്, വോള്യം17, പാർട്ട് 2, പേജ്: 402-406).
അംബേദ്കർ പ്രധാനമായും പരിശ്രമിച്ചത് തന്റെ സമുദായം കമ്യൂണിസ്റ്റ് പാർട്ടിയുടെ കൈകളിൽ അകപ്പെടാതിരിക്കാൻ വേണ്ടിയാണ്. അതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ വാക്കുകള്.
അംബേദ്കർ പ്രധാനമായും പരിശ്രമിച്ചത് തന്റെ സമുദായം കമ്യൂണിസ്റ്റ് പാർട്ടിയുടെ കൈകളിൽ അകപ്പെടാതിരിക്കാൻ വേണ്ടിയാണ്. അതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്. ‘Between communists and untouchables, Ambedkar is the barrier’. ഇതില് നിന്ന് തന്നെ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണ്. (പേജ്: 155-156, ഡോ.അംബേദ്കർ ഓർ സാമാജിക് ക്രാന്തി കീ യാത്ര, ലോക്ഹിത് പ്രകാശ്).
തിരുത്തൽ ശക്തിയായി ബി.ജെ.പി
ഇന്ദിരാഗാന്ധിയും നെഹ്റുവും ഭാരത് രത്‌ന ബഹുമതി കുടുംബസ്വത്താക്കി മാറ്റാനുള്ള ശ്രമത്തിൽ ഭരണഘടനാശിൽപിയായ അംബേദ്കറെ മനഃപൂർവ്വം മറന്നു. അദ്ദേഹത്തിന്റെ ഛായാചിത്രം പാർലമെന്റിൽ സ്ഥാപിക്കാൻ പോലും നെഹ്റുകോൺഗ്രസ് തയ്യാറായില്ല. ഇതിനു തയ്യാറായത് ബി.ജെ.പി പിന്തുണച്ച വി.പി. സിങ്ങിന്റെ സർക്കാർ മാത്രമാണ്. ഈ കാലഘട്ടത്തിലും അംബേദ്കറെ അടിച്ചമർത്താൻ ഇടത്-കോൺഗ്രസ് രാഷ്‌ട്രീയപാർട്ടികൾ നടത്തിവന്ന ശ്രമങ്ങളുടെ ദൃഷ്ടാന്തമാണ് 2012 -ലെ യു.പി.എ ഭരണകാലത്തു അംബേദ്കറെ പരിഹസിച്ചുകൊണ്ടുള്ള N.C.E.R.T പതിനൊന്നാം ക്ലാസ് പാഠപുസ്തകം.
ദേശീയ ഐക്യത്തിന്റെ പ്രതീകമായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കപ്പെട്ടത് ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2015 ലാണ്. മാത്രമല്ല ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ മധ്യ പ്രദേശിൽ പുതുതലമുറക്ക് അംബേദ്കറുടെ മഹത്വത്തെ കുറിച്ച് അറിയാനും മനസിലാക്കാനുമായി പഠന ഗവേഷണ കേന്ദ്രം ഇന്ന് പൂർത്തിയായി വരുന്നു. ”അധഃസ്ഥിത ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്തിയ അംബേദ്കർ എന്ന മഹാമനുഷി ജീവിച്ചിരുന്നതുകൊണ്ട് മാത്രമാണ് പിന്നാക്കക്കാരനായ എനിക്ക് പ്രധാനമന്ത്രിയാകാൻ സാധിച്ചത്”, എന്ന നരേന്ദ്ര മോദിയുടെ വാക്കുകളും, പിന്നാക്ക വിഭാഗത്തില് നിന്നും നിരവധി വ്യക്തികൾ മോദി കാബിനറ്റിൽ മന്ത്രിമാരാണെന്നുള്ള വസ്തുതയും, ഭരണഘടനാശില്പിയുടെ ആദർശങ്ങളെ എത്രമാത്രമാണ് ബിജെപി ഉയർത്തിപ്പിടിക്കുന്നത് എന്നതിന്റെ തെളിവാണ്.
ഇന്ന് അംബേദ്കറെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഇടതുപക്ഷവും ഇന്ത്യൻ നാഷണൽ കോൺഗ്രസും എത്ര ക്രൂരമായാണ് സ്വന്തം പാർട്ടിക്കാർ അംബേദ്കറോട് പെരുമാറിയിരുന്നത് എന്ന ചരിത്രം മനസ്സിലാക്കണം. ജെ.എൻ.യു, ഹൈദരാബാദ്, ഡൽഹി യൂണിവേഴ്സിറ്റികളിൽ ഒരു കൈയിൽ അംബേദ്കറുടെ ചിത്രവും മറുകൈയിൽ ദേശവിരുദ്ധ മുദ്രാവാക്യവും ഉയർത്തിപ്പിടിക്കുന്ന ഇടത്-കോണ്ഗ്രസ് കൂട്ടുകെട്ട്, ”ഞാന് ആദ്യമായും അവസാനമായും ഇന്ത്യക്കാരനാണ്” എന്ന് പ്രഖ്യാപിച്ച അംബേദ്കറെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലെ ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഈ വിഷലിപ്ത രാഷ്‌ട്രീയത്തിന്റെ തനിയാവര്ത്തനമാണ് നാം കണ്ടത്. 1952 ൽ ഇക്കൂട്ടരുടെ ശത്രു അംബേദ്കർ ആയിരുന്നെങ്കില് 2024 ൽ അത് ബി.ജെ.പി ആയി. തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് ദേശീയധാരയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന കോൺഗ്രസും ഇൻഡി സഖ്യവും അംബേദ്കർ എന്ന പേര് ഉച്ചരിക്കുവാൻ പോലും ലജ്ജിക്കണമെന്നാണ് ചരിത്രം കാട്ടിത്തരുന്ന വസ്തുതകൾ.















