പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ കൂടുതലാണ്. സ്ത്രീകളിലെ പ്രത്യുത്പാദന പ്രക്രിയളാണ് ഇതിന് പ്രധാന കാരണവും. സ്ത്രൈണത നൽകുന്ന ഹോർമോണാണ് ഈസ്ട്രജൻ. സ്ത്രീകളിൽ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും ഈസ്ട്രജൻ ഹോർമോണാണ്.
ഈസ്ട്രജൻ ഹോർമോണിന്റെ അളവിൽ കുറവുണ്ടായാൽ ശാരീരിക, മാനസിക പ്രശ്നങ്ങൾക്കും കാരണമാകും. എപ്പോഴും തളർച്ച അനുഭവപ്പെടുന്നതും ശരിയായി ഉറക്കം ലഭിക്കാത്തതും ഈസ്ട്രജൻ കുറയുന്നതിന്റെ ലക്ഷണമാണ്. ഈസ്ട്രജൻ കുറഞ്ഞാൽ ശരീരത്തുണ്ടാകുന്ന ചില ലക്ഷണങ്ങളിതാ..
1. വരണ്ട ചർമമാണ് ഒരു സൂചന. ചർമം അസാധരണമാം വിധം വരളുക, തൊലി അടരുന്നതായോ തോന്നിയാൽ ഈസ്ട്രജൻ കുറയുന്നതിന്റെ ലക്ഷണമാണ്. ചർമത്തിന്റെ ഇലാസ്തികതയും ജലാംശവും നിലനിർത്താൻ ഈസ്ട്രജൻ സഹായിക്കുന്നു
2. മുടിയുടെ കട്ടി കുറയുന്നതും പെട്ടെന്നുള്ള മുടി കൊഴിച്ചിലും. മുടിയുടെ ആരോഗ്യത്തിൽ ഏറെ പങ്ക് വഹിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ.
3. 30 സെക്കൻഡ് മുതൽ അഞ്ച് മിനിറ്റ് വരെ നീളുന്ന അമിത ചൂടും വിയർപ്പും രാത്രിയിലെ വിയർപ്പും ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളാണെങ്കിലും ചെറുപ്പക്കാരിൽ ഈ ലക്ഷണങ്ങൾ പ്രകടമാക്കുന്നത് ഈസ്ട്രജന്റെ കുറവായിരിക്കും. ഹോർമോൺ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
4. തുടർച്ചയായുള്ള ക്ഷീണമാണ് മറ്റൊരു ലക്ഷണം. എത്ര ഉറങ്ങിയാലും മതിയാകാതെ വരിക, നന്നായി ഉറങ്ങാൻ കഴിയാതെ വരിക തുടങ്ങിയ ലക്ഷണങ്ങൾ ഈസ്ട്രജൻ കുറവിന്റെയാകും.
5. പെട്ടെന്ന് ശരീരഭാരം കൂടുന്നതും ഈസ്ട്രജൻ കുറവിന്റെ ലക്ഷണമാണ്. ഭക്ഷണക്രമത്തിലോ വ്യായമത്തിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും വയറിന്റെ ഭാഗത്ത് തടി കൂടും. ഈ ലക്ഷണത്തെയും അവഗണിക്കരുത്.
6. അസ്ഥികളുടെ ആരോഗ്യത്തെയും ഈസ്ട്രജൻ പിന്തുണയ്‌ക്കുന്നു. ഹോർമോൺ വ്യതിയാനം സംഭവിക്കുമ്പോൾ എല്ലുകളുടെ ബലം കുറയും. ഇത് എല്ലുകൾ പൊട്ടുന്നതിനോ ഒടിവിനോ കാരണമാകും. പതിവായുള്ള സന്ധിവേദനയും തള്ളി കളയരുത്.
7. ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ. ഇത് കുറയുന്നത് കണ്ണുകളിലും വായയിലും വരൾച്ച അനുഭവപ്പെടാൻ സാധ്യതയുണ്ട്. അമിത രോമവളർച്ചയും ഈസ്ട്രജൻ കുറവിനെ സൂചിപ്പിക്കുന്നു.
8. ലൈംഗിക ആരോഗ്യത്തെയും ഈസ്ട്രജന്റെ കുറവ് പ്രതികൂലമായി ബാധിക്കും. യോനിയിലെ വരൾച്ചയ്‌ക്കും ലൈംഗിക താത്പര്യക്കുറവിനും ഇത് കാരണമാകും.
9. ക്രമരഹിതമായ ആർത്തവത്തിനും അല്ലെങ്കിൽ ആർത്തവം ഇല്ലാതെയുള്ള അവസ്ഥയ്‌ക്കും ഇത് കാരണമാകും. ആർത്തവ ചക്രത്തിന്റെ താക്കോൽ തന്നെ ഈസ്ട്രജനിലാണെന്ന് പറയാം. പെട്ടെന്നുള്ള ഈ മാറ്റം ഹോർമോൺ വ്യതിയാനത്തിന്റെ ലക്ഷണമാണ്.
10.ഉത്കണ്ഠ വർദ്ധിക്കുക, മൂഡ് സ്വിംഗ്സ് വരിക എന്നിവയും സൂചനയാണ്. മാനസികാവസ്ഥ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെ സ്വാധീനിക്കാൻ ഈസ്ട്രജന് സാധിക്കും. അതിനാൽ തന്നെ മാനസികാരോഗ്യത്തെയും ഇത് ബാധിക്കും. മാനസികാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന ചാഞ്ചാട്ടം ഈസ്ട്രജൻ കുറവിന്റെ ലക്ഷണമാകാം.