പെരുമ്പാവൂർ; ചെറിയൊരു വാഹനാപകടം തകർത്തെറിഞ്ഞത് പെരുമ്പാവൂർ കുറുപ്പംപടി സ്വദേശികളായ വിജയകുമാർ – ഷിബി ദമ്പതികളുടെ ജീവിത സ്വപ്നങ്ങളാണ്. പത്തൊൻപതു വയസുകാരനായ മകൻ വിമൽ കുമാർ കോമയിലായിട്ട് പത്ത് മാസത്തോളമായി. തുടർ ചികിത്സയ്ക്ക് പണമില്ലാതെ വലയുകയാണ് ഈ നിർദ്ധന കുടുംബം
ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു വസ്ത്രം വാങ്ങാനായി കുറുപ്പംപടിക്ക് പോയ വിമൽ കുമാറിന്റെ ബൈക്കിൽ ഓട്ടോറിക്ഷ തട്ടി അപകടമുണ്ടായത്. ചെറിയ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഈ പത്തൊൻപതുകാരൻ മൂന്നാം ദിവസം മുതൽ കോമയിലായി. ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
വിവരമറിഞ്ഞ് താൻ ചെല്ലുമ്പോൾ കുഴപ്പമൊന്നുമില്ല കാലിൽ ചെറിയ പോറലേ ഉള്ളൂവെന്ന് പറഞ്ഞ് മകൻ സംസാരിച്ചിരുന്നതായി വിമലിന്റെ അമ്മ ഷിബി പറയുന്നു. രണ്ട് ദിവസം ഐസിയുവിൽ ഇട്ടു. ഐസിയുവിൽ വെച്ച് എടുത്ത കുത്തിവെയ്പിന് ശേഷം തലയ്ക്ക് ഒരു പെരുപ്പ് പോലെ ഉണ്ടായി. ഇവർ വേണ്ടാത്ത ഇഞ്ചക്ഷനൊക്കെ എടുക്കുവാണെന്ന് മകൻ പറഞ്ഞു. പിന്നീട് അവരോട് തന്നെ ചോദിച്ചു എന്തിന്റെ ഇഞ്ചക്ഷനുകളാണ് എടുക്കുന്നതെന്ന്. എന്നാൽ എല്ലാ രോഗത്തിനും നൽകുന്ന മരുന്ന് അമ്മയോട് പറയാൻ പറ്റുമോ എന്നായിരുന്നു അവരുടെ മറുപടി.
ഇഞ്ചക്ഷൻ എടുത്തതോടെ വിമൽ വയലന്റായി കട്ടിലിൽ നിന്ന് താഴെ ചാടാൻ നോക്കി. അതോടെ മകനെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഡിസ്ചാർജ് ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. പിറ്റേന്ന് രാവിലെ താൻ ഭക്ഷണം വാങ്ങാൻ പുറത്തുപോയി. 10 മിനിറ്റിനുള്ളിൽ വന്നപ്പോൾ മകൻ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പിന്നീട് അവർ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.
ഇളയ മകൾ വിനിതയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുൻപെയാണ് മറ്റൊരു ദുരന്തം കൂടി ഈ കുടുംബത്തെ തേടിയെത്തിയത്. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവിടെ വരെ എത്തിയതെന്ന് അമ്മ പറഞ്ഞു. ഒരു ദിവസം മകന് മരുന്നിനും മറ്റുമായി ആയിരത്തിലധികം രൂപ വേണം. തുച്ഛമായ വരുമാനം കൊണ്ട് വീടിന്റെ വാടക പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് അമ്മ പറയുന്നു. പച്ചക്കറി കടയിലാണ് തനിക്ക് ജോലി. ജോലി ഇല്ലാത്ത ദിവസങ്ങളുമുണ്ടെന്ന് അമ്മ പറയുന്നു.
മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി നന്മയുള്ള കരങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ. മകൻ ഒന്നെഴുന്നേറ്റ് കാണാൻ കൊതിക്കുന്ന ഈ അമ്മയുടെ കണ്ണുനീരും കാണാതെ പോകരുത്. ഓരോ ചെറു സഹായം പോലും ഈ പത്തൊൻപതുകാരന്റെ ജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പായി മാറും.