ആലപ്പുഴ: കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയിലായെന്ന് റിപ്പോർട്ട്. കുട്ടനാട് എക്സൈസാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഭയുടെ മകൻ കനിവും (21) സുഹൃത്തുക്കളായ ഒമ്പത് പേരും പിടിയിലായെന്ന് റിപ്പോർട്ടുണ്ട്. ഇവരിൽ നിന്ന് 3 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ടെന്നാണ് എക്സൈസ് നൽകുന്ന വിവരം.
തകഴി പാലത്തിനടിയിൽ വച്ചായിരുന്നു സംഭവം. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് കനിവിനെയും സുഹൃത്തുക്കളെയും പിടികൂടിയതെന്നാണ് എക്സൈസ് അറിയിക്കുന്നത്. കസ്റ്റഡിയിലെടുത്ത കനിവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കുറഞ്ഞ അളവിലുള്ള കഞ്ചാവായതിനാലാണ് സ്റ്റേഷൻ ജാമ്യം ലഭിച്ചതെന്നാണ് വിവരം. എന്നാൽ ഇത്തരത്തിൽ ഒന്നുംതന്നെ സംഭവിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമാണ് യു. പ്രതിഭ എംഎൽഎയുടെ പ്രതികരണം. മാദ്ധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും എംഎൽഎ പ്രതികരിച്ചു.















