ധീരുബായ് അംബാനിയുടെ 92-ാമത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ 2024-25 വർഷത്തെ അണ്ടർ ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 229 പേർ ഉൾപ്പടെ രാജ്യവ്യാപകമായി 5,000 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്കോളർഷിപ്പ് പദ്ധതിയാണ് റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്‌കോളർഷിപ്പ്. രാജ്യത്തിന്റെ ഭാവിക്കായി സംഭവാന നൽകാൻ വിദ്യർത്ഥികളെ പ്രാപ്തരാക്കുകയാണ് സ്‌കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തിക അതിർവരമ്പുകളില്ലാതെ ബിരുദ പഠനം സുഗമമായി തുടരാൻ ഇത് സഹായിക്കുന്നു. നിരവധി പേർക്കാണ് റിലയൻസ് ഫൗണ്ടേഷൻ മാർഗദീപമായത്.
ഇത്തവണ വിവിധ സംസ്ഥാനങ്ങളിലെ 540 ജില്ലകളിലെ 1,300 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒരു ലക്ഷത്തോളം പേരാണ് സ്‌കോളർഷിപ്പിനായി അപേക്ഷിച്ചത്. ഇതിൽ നിന്നാണ് 5,000 പേരെ തെരഞ്ഞെടുത്തത്. പ്ലസ്ടുവിലെ മാർക്കും അഭിരുചി പരീക്ഷയിലെ പ്രകടനവും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ടവരിൽ 70 ശതമാനം പേരും വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയുള്ള കുടുബത്തിൽ നിന്നുള്ളവരാണ്. 83 ശതമാനം പേർ പ്ലസ്ടുവിൽ 90 ശതമാനത്തിലേറെ മാർക്ക് നേടിയവരാണ്. തെരഞ്ഞെടുക്കപ്പെട്ടവരിൽ 147 പേർ ദിവ്യാംഗരാണ്.
2022-ലാണ് യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി പ്രഖ്യാപിച്ചത്. തുടർന്നുള്ള ഓരോ വർഷങ്ങളിലും 5,000 ബിരുദ വിദ്യാർത്ഥികൾക്കും 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി വരുന്നു.
ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ചെലവുകൾ, മറ്റ് വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടയുള്ള ആനുകൂല്യങ്ങൾ സ്കോളർഷിപ്പ് വഴി ലഭിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് സമഗ്രമായ പിന്തുണയും മാർഗനിർദ്ദേശവും വാഗ്ദാനം ചെയ്യുന്നു.
1996-ൽ ആരംഭിച്ച ധീരുഭായ് അംബാനി സ്‌കോളർഷിപ്പുകളും 2020-ൽ ആരംഭിച്ച റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകളും ഇതുവരെ ഇന്ത്യയിലുടനീളം 28,000 യുവാക്കൾക്ക് പ്രയോജനപ്രദമായി. ഉന്നത വിദ്യാഭ്യാസം നേടാനും നേതൃനിരയിലേക്ക് എത്താനും അവരെ പ്രാപ്തരാക്കാൻ ഈ സ്‌കോളർഷിപ്പുകൾക്ക് സാധിക്കുന്നു.