കൊച്ചി: ലാഭ കൊയ്‌ത്ത് തുടർന്ന് കൊച്ചി മെട്രോ. 2023-24 സാമ്പത്തിക വർഷം പ്രവർത്തന വരുമാനം 151.30 കോടിയാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു.
പ്രവർത്തന ചെലവ് 205.59 കോടി രൂപയുമാണെങ്കിലും 60.31 കോടി രൂപ നോൺ-മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് (എൻഎംടി) ചെലവ് പ്രവർത്തന ചെലവിൽ നിന്ന് ഒഴിവാക്കിയതോടെ യഥാർത്ഥ ചെലവ് 145 കോടി രൂപയാണെന്നും കമ്പനി പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് നാലിരിട്ടിയോളം പ്രവർത്തന ലാഭം നേടാനായത് നേട്ടമാണെന്നും കെഎംആർഎൽ വ്യക്തമാക്കി.
കൾസൾട്ടൻസി വരുമാനവും പലിശയും ചേർത്തുള്ള അധിക വരുമാനമായ 16.93 കോടി രൂപ ഉൾപ്പടെ ആകെ 168.23 കോടി രൂപയാണ് വരുമാനം. ഇതോടെ 22.94 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് മെട്രോ നേടിയത്. കഴിഞ്ഞ വർഷമാണ് ചരിത്രത്തിലാദ്യമായി മെട്രോ പ്രവർത്തന ലാഭം കരസ്ഥമാക്കിയത്.
യാത്രക്കാരുടെ എണ്ണത്തിലും വൻ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം ശരാശരി 88,292 പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. ഒരു ലക്ഷത്തിലധികം പേർ യാത്ര ചെയ്ത ദിവസവുമുണ്ട്. 2021-22-ൽ 31,229 പേരും 2022-23-ൽ 68,168 പേരുമായിരുന്നു ഒരു ദിവസം മെട്രോയിൽ യാത്ര ചെയ്യുന്നത്.