സീക്വലുകളും റീമേക്കുകളും ചറപറാ എത്തിയ വർഷമായിരുന്നു കടന്നുപോയത്. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, ലോകസിനിമയിലും നിരവധി സീക്വലുകൾ റിലീസായി. ബിഗ് ബജറ്റ് ചിത്രങ്ങളും കൊച്ചുസിനിമകളും ഒരുപോലെ പണം വാരിയ വർഷം കൂടിയായിരുന്നു 2024. Inside Out 2, Deadpool & Wolverine തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്താണ് കളംവിട്ടത്. എന്നാൽ ഏറ്റവുമധികം ലാഭം വാരിക്കൂട്ടിയത് ഈ ചിത്രങ്ങളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. വെറും 2 ദശലക്ഷം ഡോളർ ബജറ്റിലൊരുങ്ങിയ സിനിമ, അതിന്റെ 45 ഇരട്ടി തുകയാണ് ബോക്സോഫീസിൽ സ്വന്തമാക്കിയത്.
2024ൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രം (World’s most profitable film)
ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവുമധികം പണം വാരിയ സിനിമ Terrifier 3 ആയിരുന്നു. ഹൊറർ ജോണറിലുള്ള ഈ സിനിമ Terrifier 2ന്റെ സീക്വലാണ്. വെറും 20 ലക്ഷം ഡോളർ ചെലവിട്ട് ഒരുക്കിയ ക്രിസ്മസ് സൂപ്പർനാച്ചുറൽ സ്ലാഷർ സിനിമ, പേരുകേട്ട താരങ്ങൾ ആരും അണിനിരക്കാതെ മൗത്ത് പബ്ലിസിറ്റി ഒന്നുകൊണ്ടുമാത്രം 90 ദശലക്ഷം ഡോളർ ആഗോളതലത്തിൽ സ്വന്തമാക്കി. അതായത് ചെലവിട്ടതിന്റെ 45 ഇരട്ടി. ഇതോടെയാണ് 2024ലെ ഏറ്റവും ലാഭം കൊയ്ത സിനിമയെന്ന നേട്ടം Terrifier 3 സ്വന്തമാക്കിയത്.
2024ൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമ Inside Out 2 തന്നെയായിരുന്നു. 1.7 ബില്യൺ ഡോളർ കളക്ഷനാണ് ആഗോളതലത്തിൽ Inside Out 2 കീശയിലാക്കിയത്. പക്ഷെ അതിന് ചെലവിട്ട തുക 200 ദശലക്ഷം ഡോളറായിരുന്നു. അതായത് Terrifier 3 വാരിക്കൂട്ടിയ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്ന് സാരം. ഇതുതന്നെയാണ് Deadpool & Wolverineന്റെയും അവസ്ഥ. ലോകമെമ്പാടും ആരാധകരുള്ള ഡെഡ്പൂളും വോൾവെറീനും ഒന്നിക്കുന്ന ചിത്രം 1.33 ബില്യൺ ഡോളർ വാരിക്കൂട്ടിയെങ്കിലും സിനിമയെടുക്കാൻ 200 മില്യൺ ഡോളർ ചെലവായിരുന്നു. ഈ ചിത്രങ്ങളൊക്കെ അവരുടെ ബജറ്റിന്റെ 6-8 ഇരട്ടി കളക്ഷൻ വാങ്ങിയപ്പോൾ Terrifier 3 സ്വന്തമാക്കിയത് 45 ഇരട്ടിയാണെന്ന വസ്തുത ആവർത്തിക്കാതെ വയ്യ!!
Terrifier 3
ഒക്ടോബർ 11നായിരുന്നു Terrifier 3 റിലീസ്. Damien Leone സംവിധാനം ചെയ്ത ചിത്രം Terrifier, Terrifier 2 എന്നിവയുടെ സീക്വലാണ്. പറയത്തക്ക സ്റ്റാർ കാസ്റ്റ് ഒന്നുമില്ലാതിരുന്നിട്ടും ബോക്സോഫീസിൽ നേടിയ കളക്ഷൻ അമ്പരപ്പിക്കുന്നതാണെന്നതിൽ സംശയമില്ല.