ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമാണെന്ന് യു. പ്രതിഭ എംഎൽഎ. കൂട്ടുകാർക്കൊപ്പം ഇരുന്നപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് പ്രതിഭയുടെ വിശദീകരണം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് എംഎൽഎ പ്രതികരിച്ചത്. മാദ്ധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ കുറ്റപ്പെടുത്തി.
24, ഏഷ്യാനെറ്റ് തുടങ്ങിയവരാണ് ആദ്യം വാർത്ത നൽകിയതെന്നും സത്യാവസ്ഥ അന്വേഷിക്കാതെ വസ്തുതൾ വളച്ചൊടിച്ച് വ്യാജവാർത്ത നൽകിയ ഈ മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും പ്രതിഭ പറഞ്ഞു. വാർത്ത പിൻവലിച്ച് മാപ്പ് പറയാൻ ഏഷ്യാനെറ്റും 24ഉം തയ്യാറാകണമെന്നും പ്രതിഭ ആവശ്യപ്പെട്ടിട്ടുണ്ട്. മകന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ മാദ്ധ്യമങ്ങളോട് മാപ്പ് പറയാൻ താൻ തയ്യാറാണെന്നും തിരിച്ചാണെങ്കിൽ മാദ്ധ്യമങ്ങൾ മാപ്പ് പറയണമെന്നും എംഎൽഎ പറഞ്ഞു.
യു. പ്രതിഭ എംഎൽഎയുടെ മകൻ 21-കാരനായ കനിവിനെയും സുഹൃത്തുക്കളെയും എക്സൈസ് പിടികൂടി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നായിരുന്നു വാർത്ത. കഞ്ചാവ് വലിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ചേർത്ത് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം (ബോങ്ങ്) ഇവരിൽ നിന്ന് കണ്ടെടുത്തെന്നും റിപ്പോർട്ടുണ്ടായിരുന്നു.















