പൊലീസിനെ വട്ടം ചുറ്റിച്ച് മോഷണ പരമ്പര നടത്തിയ ഇരട്ടകൾ(‘മോണോ സൈകോടിക് ട്വിൻസ്) ഒടുവിൽ പിടിയിലായി. മധ്യപ്രദേശിലാണ് ഇവരുടെ ആലബൈ തന്ത്രം പൊളിച്ച് പിടികൂടിയത്. ഒരുത്തൻ കളവ് നടത്തുമ്പോൾ മറ്റൊരുത്തൻ വേറൊരു സ്ഥലത്തെ സിസിടിവിയിൽ പ്രത്യക്ഷപ്പെടുന്നതായിരുന്നു രീതി. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന ആലബൈ എന്ന രീതിയാണ് ഇവർ കുറ്റകൃത്യങ്ങൾ നടത്താൻ ഉപയോഗിച്ചിരുന്നത്.
കളവിന് ശേഷം പിടിക്കപ്പെട്ടാൽ നിരപരാധിയാണെന്ന് തെളിക്കാനായിരുന്നു ഈ ട്രിക്ക്. ഏറെ നാളെ പൊലീസിന് വെല്ലുവിളിയായ മാർഗമാണ് ഒടുവിൽ പൊലീസ് മറികടന്നത്. സൗരഭ്,സഞ്ജീവ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 23 ന് മൗഗഞ്ച് നഗരത്തിലെ ആളൊഴിഞ്ഞ വീട് ലക്ഷ്യമിട്ടാണ് ഇരട്ടകളുടെ ഏറ്റവും പുതിയ മോഷണം നടന്നത്. ഇരുവരും വീട്ടിൽ കയറി അലമാരകളും പെട്ടികളും കുത്തിത്തുറന്ന് ആഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു.
വലിയൊരു അന്വേഷണത്തിനൊടുവിൽ സൗരഭ് വർമ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. എന്നാൽ പൊലീസ് സ്റ്റേഷനിൽ സഞ്ജീവ് ഹാജരായതോടെ കേസിൽ നാടകീയ വഴിത്തിരിവുണ്ടായി. സഞ്ജീവിനെ കണ്ടതോടെ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ടായെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത പ്രതി എങ്ങനെയോ രക്ഷപ്പെട്ടുവെന്നാണ് ആദ്യം തോന്നിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടകളുടെ വിപുലമായ പദ്ധതി പൊളിഞ്ഞത്.
കബളിപ്പിക്കൽ തുടരാൻ സഹോദരങ്ങൾ വളരെയധികം പരിശ്രമിച്ചിരുന്നു, ഒരേ വസ്ത്രം ധരിക്കുകയും സംശയങ്ങളുണ്ടാകാതിരിക്കാൻ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു.വിരലിലെണ്ണാവുന്ന ഗ്രാമീണർക്ക് മാത്രമേ അവർ ഇരട്ടകളാണെന്ന കാര്യമറിയൂ. പ്രതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.