ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളെയും രാഷ്‌ട്രീയ വൽക്കരിച്ച് കോൺഗ്രസ്. സംസ്‌കാരം പൂർത്തിയായതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് പാർട്ടി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ തുടക്കം മുതൽ നിഗംബോധ് ഘട്ടിൽ ഉണ്ടായിരുന്നു. ഇത് വിസ്മരിച്ചാണ് കോൺഗ്രസിന്റെ വിലകുറഞ്ഞ രാഷ്‌ട്രീയ ആരോപണങ്ങൾ.
സമീപകാലത്ത് രാജ്യതലസ്ഥാനത്ത് ഒരു രാഷ്‌ട്രീയ നേതാവിന് ലഭിച്ച ഏറ്റവും അർഹമായ യാത്രയയപ്പാണ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഡോ. മൻമോഹൻ സിംഗിന് ഒരുക്കിയത്. എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്‌കാരം. എന്നാൽ അനാദരവും പിടിപ്പുകേടുമാണ് ഉണ്ടായതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
സംസ്‌കാര ചടങ്ങുകൾ ദൃശ്യവൽക്കരിക്കാൻ ദൂരദർശൻ അല്ലാതെ മറ്റൊരു വാർത്താ മാദ്ധ്യമത്തെയും അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വിമർശനം. ദൂരദർശൻ കൂടുതൽ സമയവും അമിത് ഷായെയും മോദിയെയുമാണ് കാണിച്ചതെന്നും പവൻ ഖേര ആരോപിക്കുന്നു. എക്‌സിലൂടെയായിരുന്നു വിമർശനം. എന്നാൽ കോൺഗ്രസ് വില കുറഞ്ഞ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി മറുപടി നൽകി.
ഡോ. മൻമോഹൻ സിംഗിന് സ്മാരകമൊരുക്കാൻ സ്ഥലം കണ്ടെത്തിയില്ലെന്ന രാഹുലിന്റെയും കോൺഗ്രസിന്റെയും വിമർശനത്തിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങുകളിലും കോൺഗ്രസ് രാഷ്‌ട്രീയം കലർത്തുന്നത്. മുൻ പ്രധാനമന്ത്രിയുടെ വിയോഗം സൃഷ്ടിച്ച ദു:ഖത്തിനിടയിലും രാഹുലും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കളും രാഷ്‌ട്രീയം കളിക്കുന്നത് നിർഭാഗ്യകരമാണെന്ന് ആയിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദയുടെ മറുപടി. കോൺഗ്രസിന്റെ ഇത്തരം നിലവാരമില്ലാത്ത ചിന്താഗതിയെ എത്ര അപലപിച്ചാലും മതിയാകില്ലെന്നും ജെപി നദ്ദ പറഞ്ഞു.
ഡോ. മൻമോഹൻ സിംഗ് ജീവിച്ചിരുന്നപ്പോൾ അർഹമായ ബഹുമാനം നൽകാത്ത കോൺഗ്രസ് ഇപ്പോൾ അദ്ദേഹത്തിന്റെ മരണത്തിൽ രാഷ്‌ട്രീയം കളിക്കുകയാണെന്നും ജെപി നദ്ദ തുറന്നടിച്ചു. പവൻ ഖേരയുടെ എക്‌സ് പോസ്റ്റ് ജയറാം രമേശ് ഉൾപ്പെടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.