ന്യൂഡൽഹി: പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിയിലെത്തിയ യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ നേതാക്കളെ സന്ദർശിച്ച്, ക്ഷണക്കത്ത് കൈമാറി. കുംഭമേളയ്‌ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങളെ കുറിച്ച് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മിസോറാം ഗവർണർ വി കെ സിംഗ് എന്നിവരെയും യോഗി ആദിത്യനാഥ് സന്ദർശിച്ച് ക്ഷണക്കത്ത് കൈമാറി. ഉത്തർപ്രദേശ് ഭവനിൽ വച്ചാണ് മിസോറാം ഗവർണർ വി കെ സിംഗുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയത്. മഹാകുംഭ മേളയുടെ ലോഗോ, കലശം എന്നിവയുൾപ്പെടെയുള്ള ഉപഹാരങ്ങളും അദ്ദേഹം സമ്മാനിച്ചു.
ജനുവരി 13-നാണ് മഹാകുംഭമേള ആരംഭിക്കുന്നത്. ഫെബ്രുവരി 26-ന് അവസാനിക്കും. കുംഭമേളയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അനസാനഘട്ടത്തിലാണ്. പ്രയാഗ്‌രാജിൽ എത്തുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും വേണ്ടി എല്ലാവിധ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
ജനുവരി ആദ്യവാരം കാളിഘട്ടിലെ യമുന നദിയിൽ നടക്കുന്ന മ്യൂസിക്കൽ ഫൗണ്ടൻ ലേസർ ഷോ പ്രയാഗ്‌രാജ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് പ്രത്യേക അനുഭവം നൽകും. 2,000 ലൈറ്റിംഗ് ഡ്രോൺ പ്രദർശനവും മഹാകുംഭമേളയിൽ പ്രധാന സവിശേഷതയായിരിക്കും. വിനോദസഞ്ചാരികൾക്ക് മികച്ച താമസസൗകര്യം ഒരുക്കുന്ന ടെന്റ് സിറ്റിയുടെ ഒരുക്കങ്ങളും നടന്നുവരികയാണ്.















