ഇറ്റാനഗർ: വനമേഖലയിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാസേന. അരുണാചൽ പ്രദേശിലെ യാവോ-വിജയനഗർ മേഖലയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിവിധ സ്ഥലങ്ങളിൽ നിന്ന് 10 വ്യത്യസ്ത തരം ആക്രമണ റൈഫിളുകളാണ് കണ്ടെടുത്തത്. മേഖലയിലെ ഏറ്റവും വലിയ ആയുധ വേട്ടകളിൽ ഒന്നാണിത്.
സുരക്ഷാസേനയും അസം റൈഫിൾസും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് തോക്കുകൾ കണ്ടെത്തിയത്. ഡ്രോണുകളും മെറ്റൽ ഡിറ്റക്ടറും ഉപയോഗിച്ചായിരുന്നു പരിശോധന. കഴിഞ്ഞ വർഷം കീഴടങ്ങുന്നതിന് മുമ്പ് തീവ്രവാദി സംഘം ഒളിപ്പിച്ച ആയുധങ്ങളാണ് ഇവയെന്ന് കരുതുന്നു.
വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത ഓപ്പറേഷൻ നടന്നത്. ഓപ്പറേഷൻ തുടങ്ങുന്നതിന് മുമ്പ് പൊലീസ്, നംഫദ റിസർവ് ഫോറസ്റ്റിലെത്തിയ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു.
നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (KYA), ഇൻഎൻഎൻജി കേഡർ തുടങ്ങിയ വിമത ഗ്രൂപ്പുകൾ വനമേഖലകൾ കേന്ദ്രീകരിച്ച് തമ്പടിച്ചിട്ടുണ്ടെന്ന സൂചനകൾ നേരത്തെയും സുരക്ഷാസേനയ്‌ക്ക് ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ആറ് മാസമായി വിവിധയിടങ്ങളിൽ പരിശോധന നടന്നുവരികയായിരുന്നു.