സോൾ: ദക്ഷിണ കൊറിയയിലെ മൂവാൻ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. 175 യാത്രക്കാരുമായി തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്.
ആറ് ജീവനക്കാരുൾപ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചായിരുന്നു അപകടം. ലാൻഡിംഗിനിടെയുണ്ടായ തകരാറാണ് അപകടത്തിന് വഴിവച്ചതെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ വലിയ തീഗോളങ്ങൾ ഉണ്ടാവുകയും വിമാനം പൂർണമായും കത്തുകയും ചെയ്തു. ഉടൻ തന്നെ അഗ്നിശമനാ സേനയുടെ കൂടുതൽ ടീമുകൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വിമാനത്തിൽ പക്ഷിയിടിച്ചത് മൂലം ലാൻഡിംഗ് ഗിയർ തകരാറിലായെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ അന്വേഷണത്തിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് സ്ഥിരീകരണം വരികയുള്ളൂ. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.















