കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. അതിന്റെ ഞെട്ടിലിൽ നിന്ന് മുക്തി നേടുന്നതിനിടെ ലോകം വീണ്ടുമൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്ധർ. പക്ഷിപ്പനിയാണ് ഇത്തവണത്തെ വില്ലൻ. ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങൾ വർഷങ്ങളായി H5N1 വൈറസിനെ നിരീക്ഷിച്ച് വരികയാണ്.
കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലാണ് H5N1 വൈറസ് ലോകമെമ്പാടും ഞൊടിയിടയിൽ പടർന്നുപിടിച്ചത്. കറവപ്പശുക്കളെയാണ് രോഗം ആദ്യമായി ബാധിച്ചത്. കാലിഫോർണിയയിലെ 660-ലധികം ഫാമുകളിൽ വൈറസ് റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ രോഗം പടർന്നേക്കാമെന്ന് മുന്നറിയിപ്പ് ആരോഗ്യവിദഗ്ധർ പുറപ്പെടുവിച്ചു. കൃഷിയിടങ്ങളിലേക്ക് വരെ വൈറസ് പടർന്നത് ആശങ്കയുടെ തീവ്രത കൂടാൻ കാരണമായി. വടക്കേ അമേരിക്കയിലുടനീളം ഇപ്പോഴും പക്ഷിപ്പനിയുടെ ഭീതിയിലാണ്. ഏറ്റവുമൊടുവിലായി പക്ഷിപ്പനിക്ക് കാരണമാകുന്ന വൈരസിന് ജനിതകമാറ്റം വന്നതായുള്ള റിപ്പോർട്ടും പുറത്തുവന്നു കഴിഞ്ഞു.
ഈ ജനിതകമാറ്റം ആരോഗ്യപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുവരം പക്ഷികളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ നിന്ന് ഇതിന് വ്യത്യാസമുണ്ട്. അതിനാൽ തന്നെ രോഗിയിൽ പ്രവേശിച്ചതിന് ശേഷമാകാം വൈറസിന് ജനിതകമാറ്റമുണ്ടായതെന്നാണ് അനുമാനം. കൂടുതൽ ആളുകളിലേക്ക് വൈറസ് പകരാനുള്ള സാധ്യത ഒഴിവാക്കിയില്ലെങ്കിൽ മറ്റൊരു മഹാമാരിക്കാകും വഴി വയ്‌ക്കുക.
1997-ൽ ഹോങ്കാംഗിലാണ് പക്ഷിപ്പനി പടർന്ന് പിടിച്ചപ്പോഴാണ് ആദ്യമായി പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നത്. ആറ് പേരുടെ മരണത്തിനും 1.5 ദശലക്ഷം കോഴികളെ കൊന്നൊടുക്കുന്നതിനും ഇതി കാരണമായി. ഇതുവരെ ലോകത്താകെ 900 പേരിലാണ് H5N1 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 50 ശതമാനത്തിലേറെ പേരും മരണത്തിന് കീഴടങ്ങി. രോഗം പിടിപ്പെട്ട പക്ഷികളുമായി സമ്പർക്കം പുലർത്തുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇതുവരെ വൈറസ് പകർന്നിട്ടില്ലെങ്കിലും ജനിതക മാറ്റം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.