ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിന് സ്മാരകം പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ വിവാദത്തിൽ പ്രതികരിച്ച് മനോഹർ റാവു. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ നരസിംഹ റാവുവിന്റെ സഹോദരനാണ് ഇദ്ദേഹം. നിലവിൽ മൻമോഹൻ സിംഗിന്റെ സ്മാരകത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്ന കോൺഗ്രസ് നേതൃത്വം 20 വർഷം പിന്നിലേക്ക് ചിന്തിച്ചുനോക്കണമെന്നായിരുന്നു മനോഹർ റാവുവിന്റെ പ്രതികരണം.
കോൺഗ്രസ് നേതാവ് നരസിംഹ റാവുവിനെ ആദരിക്കാൻ കോൺഗ്രസ് എന്തുചെയ്തെന്ന് അറിയാൻ 20 വർഷം പിന്നിലേക്ക് നോക്കണം. നരസിംഹ റാവുവിന്റെ അന്ത്യകർമ്മങ്ങളിൽ സോണിയാ ഗാന്ധി പോലും പങ്കെടുത്തില്ല. കോൺഗ്രസ് സർക്കാർ അദ്ദേഹത്തിന് വേണ്ടി ഒരു പ്രതിമ നിർമിക്കുകയോ ഭാരതരത്ന നൽകുകയോ ചെയ്തിട്ടില്ല. മൻമോഹൻ സിംഗിന്റെ സ്മാരകത്തിന് വേണ്ടിയാണ് ഈ വിവാദങ്ങളെങ്കിൽ കോൺഗ്രസ് ആദ്യം ചെയ്യേണ്ടത് നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നതാണ്. അങ്ങനെയെങ്കിൽ ബിജെപി സർക്കാർ തീർച്ചയായും മൻമോഹൻ സിംഗിന് വേണ്ടി സ്മാരകം പണിയാനുള്ള ഭൂമി വിട്ടുനൽകും. – മനോഹർ റാവു പറഞ്ഞു. നരസിംഹ റാവുവിന്റെ പൊതുദർശനത്തിന് AICC ആസ്ഥാനത്തിന്റെ ഗേറ്റ് തുറന്ന് നൽകാത്തവരാണ് കോൺഗ്രസുകാരെന്നും മനോഹർ റാവു കുറ്റപ്പെടുത്തി.
മൻമോഹൻ സിംഗിന് സ്മാരകം നിർമിക്കാൻ സ്ഥലം നൽകുന്നില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മണിക്കൂറുകൾക്കകം തന്നെ ഇതുസംബന്ധിച്ച ഉറപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നേരിട്ട് ഉറപ്പ് നൽകിയിട്ടും അനവസരത്തിൽ രാഷ്‌ട്രീയ വിവാദത്തിന് ശ്രമിക്കുകയാണ് കോൺഗ്രസെന്നാണ് ബിജെപിയുടെ പ്രതികരണം.