അമാവാസി തിഥിയ്ക്ക് ഹിന്ദു വിശ്വാസത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. അതിൽ തന്നെ തിങ്കളാഴ്ച വരുന്ന അമാവാസിക്ക് സവിശേഷമായ പ്രസക്തിയുണ്ട്. ഇതിനെ സോമവതി അമാവാസി എന്ന് പറയുന്നു.
മലയാള മാസം ധനുവിലെ അമാവാസി തിങ്കളാഴ്ചയാണ് വരുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് പൗഷമസത്തിലെ അമാവാസിയാണ് ഇത്. 2024 ഡിസംബർ 22 മുതൽ 2025 ജനുവരി 20 വരെയാണ് പൗഷമാസം. 2024 ഡിസംബർ 30 തിങ്കളാഴ്ച വരുന്ന അമാവാസി സോമവതി അമാവാസിയാണ്.
സോമവതി അമാവാസിയിൽ ശിവനെയും പാർവതി ദേവിയെയുമാണ് പ്രധാനമായും ആരാധിക്കുക.ഹിന്ദു കലണ്ടർ അനുസരിച്ച് ഈ വർഷത്തെ പൗഷ മാസത്തിലെ അമാവാസി ഡിസംബർ 30 ന് രാവിലെ 4:01 ന് ആരംഭിച്ച് ഡിസംബർ 31 ന് പുലർച്ചെ 3:56 ന് അവസാനിക്കും. പഞ്ചാംഗമനുസരിച്ച് ഡിസംബർ 30-ന് പൗഷ അമാവാസി ആചരിക്കും.
ഈ ദിവസം പുലർകാലത്ത് തന്നെ എഴുനേറ്റ് സ്നാനം ചെയ്യണം. ക്ഷേത്ര ദർശനം നടത്തണം. പൂർവികർക്കായി ബലിയിടുന്നതും, ദാനം ചെയ്യുന്നതും അന്നദാനം നടത്തുന്നതും പുണ്യമാണ്. പവിത്രമായ തീർത്ഥങ്ങളിൽ പുണ്യസ്നാനം നടത്താനും ഈ ദിവസം സമയം കണ്ടെത്തണം . ഹിന്ദുമതത്തിൽ പൗഷ മാസത്തിലെ അമാവാസിക്ക് പ്രത്യേക പ്രാധാന്യമുണ്ട് . അത് സോമവതി അമാവാസിയാകുമ്പോൾ ചെയ്യുന്ന ഏതു പുണ്യപ്രവർത്തിയുടെയും ഫലം വർദ്ധിക്കും
ഈ ദിവസം നെഗറ്റീവ് എനർജികൾ ഇല്ലാതാക്കാനും വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരാനും അനുയോജ്യമായ സമയമായി കണക്കാക്കപ്പെടുന്നു.
ശിവപാർവതീ സങ്കല്പത്തിൽ പ്രാർത്ഥന നടത്തുന്നത് വിവാഹത്തിൽ കാലതാമസം നേരിടുന്ന വ്യക്തികൾക്ക് തടസ്സങ്ങൾ മാറാൻ സഹായിക്കും. ഇവർക്ക് ഈ ദിവസം പ്രത്യേക പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ പ്രയോജനം ലഭിക്കും.
ഈ ദിവസം അരയാൽ വൃക്ഷത്തെ ആരാധിക്കുക. അരയാലിന്റെ വേരുകളിൽ ധാരാളമായി വെള്ളം തളിച്ച് 108 തവണ പ്രദക്ഷിണം ചെയ്യുക.
ശിവമന്ത്രങ്ങൾ ജപിക്കുക: “ഓം നമഃ ശിവായ” അല്ലെങ്കിൽ “ഓം സോമായ നമഃ” 108 തവണ ചൊല്ലുക.
പൂർവ്വികർക്കായി നൽകുന്ന ബലിയുടെ ഭാഗമായി കറുത്ത എള്ള് അർപ്പിച്ച് നദിയിൽ സ്നാനം ചെയ്യുക. നെഗറ്റീവ് എനർജി ഒഴിവാക്കാൻ നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തിൽ നെയ്യ് വിളക്ക് കത്തിക്കുക. പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക എന്നിവ സോമവതി അമാവാസിയിൽ ചെയ്യേണ്ടതാണ്.
2024-ലെ അവസാനത്തേതും രണ്ടാമത്തേതുമായ സോമവതി അമാവാസിയാണ് നാളെ വരുന്നത്.