തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതല്ല, സ്വയം മാറിയതാണെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് ഇപിയെ ‘മാറ്റി’യതാണെന്നായിരുന്നു. എന്നാൽ ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും പാർട്ടി സമ്മേളനങ്ങളിൽ തനിക്കെതിരെ വിമർശനമുണ്ടെന്ന വാർത്ത തെറ്റാണെന്നും ഇപി പറഞ്ഞു. എൽഡിഎഫ് കൺവീനർ എന്ന നിലയിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം ഇപിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ പരാതി നല്‍കിയാല്‍ കേസെടുക്കാമെന്നാണ് പൊലീസ് ഭാഷ്യം. ഇപിയുടെ ആത്മകഥ ഡിസി ബുക്സില്‍ എത്തിയത് എങ്ങനെയെന്നതില്‍ അവ്യക്തത ഇപ്പോഴും തുടരുകയാണ്. ഇപി ജയരാജനോ ഡിസി ബുക്സോ പരാതി നല്‍കിയാൽ കേസെടുക്കാമെന്ന് പൊലീസ് അറിയിച്ചു. ഗൗരവകരമായ അന്വേഷണത്തിന് കൂടുതൽ വ്യക്തതയുള്ള പരാതി വേണമെന്നാണ് പൊലീസ് നിലപാട്. തുടർ പരാതികളില്ലെങ്കിൽ ആത്മകഥാ വിവാദത്തിൽ തുടരന്വേഷണം ഉണ്ടാകില്ലെന്ന് സാരം.















