തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ ശിഥിലമാക്കാൻ ലക്ഷ്യമിട്ടുള്ള നിഴൽയുദ്ധമാണ് (Proxy war) ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. ആചാര വിശ്വാസങ്ങൾ പൊടുന്നനെ ഉണ്ടായതല്ല. കാലാകാലങ്ങളായി പിന്തുടർന്നു വന്നതാണ്. അതിന് പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അതിനുള്ളിൽ കോടതിയും ഭരണാധികാരികളും എംപിയും എംഎൽഎയുമൊക്കെ ഇടപെടുകയാണ് ഇപ്പോഴെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. പൂരം നടത്തിപ്പിലും പൂജകളിലുമുൾപ്പെടെ അവരാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതിയുടെ ദക്ഷിണ മേഖലാ കൺവെൻഷനിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളുടെ ആത്മവീര്യം നശിപ്പിച്ചാൽ അവരെ ശിഥിലമാക്കാൻ പെട്ടന്ന് സാധിക്കും. ജാതി പറഞ്ഞ് അവരുടെ സാമുദായികമായ ആചാരങ്ങൾ തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്ത തലമുറയിലേക്ക് ആചാരങ്ങൾ പകരുന്നില്ല. യുവതലമുറയിലേക്ക് മറ്റ് ചില വിചാരങ്ങൾ കടത്തിവിട്ട് ആചാരങ്ങളുടെ എതിർചേരിയിലേക്ക് അവരെ വലിച്ചുകൊണ്ടുപോകുകയാണ്. ക്ഷേത്രമുറ്റത്ത് കലാകാരൻമാർ അവതരിപ്പിക്കുന്ന പരിപാടികളിൽ വരെ ആസൂത്രിതമായി ഹിന്ദു വിരുദ്ധത കടത്തിവിടാൻ നീക്കം നടത്തുന്നു. പ്രത്യക്ഷത്തിൽ അതൊന്നും മനസിലാകില്ല. ഇതെല്ലാം ഹിന്ദുക്കളുടെ നേരെ നടന്നുകൊണ്ടിരിക്കുന്ന പ്രോക്‌സി വാർ (പ്രച്ഛന്നയുദ്ധം) ആണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
മുൻപൊക്കെ ഇത്തരം യുദ്ധങ്ങൾ നടത്തിയിരുന്നത് പരസ്യമായിട്ടായിരുന്നു. അതൊക്കെ ആർക്കും ബോധ്യപ്പെടുന്ന ആക്രമണമാണ്. നിലയ്‌ക്കൽ സംഭവം വരെ പ്രകടമായ അധിനിവേശമായിരുന്നു. ഇപ്പോൾ ആചാരങ്ങളെ കയറിപ്പിടിക്കുകയാണ്. ആചാരങ്ങളിൽ വെള്ളം ചേർത്ത് അത് ശരിയല്ലെന്ന ചിന്ത ഹിന്ദുക്കളുടെ മനസിലേക്ക് കടത്തിവിടുന്നു. അതാണോ ശരി, ഇതാണോ ശരിയെന്ന ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ ഹിന്ദു സമൂഹത്തിൽ അന്ത:ച്ഛിദ്രം ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ ആചാരങ്ങളും ശാസ്ത്രാധിഷ്ഠിതമാണെന്ന് ഹിന്ദു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് പോംവഴി. ആശയക്കുഴപ്പം നിലനിൽക്കുന്നതുകൊണ്ട് ദേവസ്വം ബോർഡുകൾക്കും എളുപ്പമാകുന്നു. അവരെ സംബന്ധിച്ച് ക്ഷേത്രം ഒരു വാണിജ്യകേന്ദ്രമാണ്. കാണിക്കവഞ്ചിയിൽ എത്ര രൂപ വന്നു എന്ന് പറയാനാണ് ദേവസ്വം പ്രസിഡന്റ് വാർത്താസമ്മേളനം നടത്തുന്നത്. ആറ് കോടിയിലധികം രൂപയുടെ അരവണ വിഷാംശം കലർന്നതിനാൽ ശബരിമലയിൽ നശിപ്പിക്കേണ്ടി വന്നു. അതെങ്ങനെ വന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഭക്തർ വിശപ്പടക്കാൻ വേണ്ടിയല്ല അരവണ കഴിക്കുന്നത്. അതിൽ വിഷാംശമാണെന്ന് അറിയുമ്പോൾ അവരുടെ മനസിൽ സംഭവിക്കുന്ന വലിയ ആഘാതമുണ്ട്. അതാണ് അതിന് പിന്നിൽ പ്രവർത്തിച്ചവർ ലക്ഷ്യമിടുന്നതെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.
ഈ നഷ്ടം ദേവസ്വം ഭരണാധികാരികളിൽ നിന്നും പണം ഈടാക്കേണ്ടതാണ്. സർക്കാരും അതിനെ ലാഘവ ബുദ്ധിയോടെയാണ് കാണുന്നത്. അങ്ങനെ സംഭവിച്ചുപോയി പോട്ടെ എന്ന നിലപാടാണ്. ക്ഷേത്രത്തിൽ ഉപയോഗിക്കുന്നഅരിയും എണ്ണയും മറ്റ്് സാധനങ്ങളുമൊക്കെ ശുദ്ധമാണോയെന്ന് പഠനം തന്നെ നടത്തേണ്ടതുണ്ടെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
രാജഭരണകാലത്ത് രാജാവ് ഭരിച്ചിരുന്ന ക്ഷേത്രങ്ങളുടെ ഭരണം നിർവ്വഹിക്കാൻ സ്വതന്ത്ര ബോർഡിന് കൈമാറുകയാണ് ചെയ്തത്. അതിലെ ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ദേവസ്വം ബോർഡിനില്ല. ശബരിമലയിൽ ഉത്സവത്തിന് കൊടി ഉയരാൻ ഇപ്പോൾ തന്ത്രി മാത്രം എത്തിയാൽ പോര, ദേവസ്വം മന്ത്രിയും വേണം. മന്ത്രി വരാൻ വൈകിയതിന്റെ പേരിൽ കൊടി ഉയർത്താൻ താമസിച്ചിട്ടുണ്ട്. അടുത്ത കാലത്താണ് ദേവസ്വം മന്ത്രിമാർ ശബരിമലയിൽ എത്താൻ തുടങ്ങിയത്. ആ ക്ഷേത്രത്തിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുന്നത് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തിലാണ്. അവർക്ക് ഇതിലെന്താണ് കാര്യമെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. ശബരിമലയിൽ പന്തളം രാജകുടുംബത്തിനും തന്ത്രി കുടുംബത്തിനും ഭക്തർക്കുമാണ് അവകാശം. അതെല്ലാം ഇപ്പോൾ മാറിക്കഴിഞ്ഞു. അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ടതുള്ളൽ സംഘങ്ങളുടെ ഗുരുസ്വാമിമാരെയോ മറ്റോ ഇപ്പോൾ ശബരിമലയിലെ കാര്യങ്ങളിൽ പങ്കെടുപ്പിക്കാറുണ്ടോയെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.
ക്ഷേത്രം സെക്യുലർ ആണെന്നാണ് പറയുന്നത്. ഗുരുവായൂരിലും അത് തന്നെയാണ് സംഭവിക്കുന്നത്. ജനങ്ങൾ രാഷ്‌ട്രീയക്കാരെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് ഇവിടുത്തെ ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും കാര്യങ്ങൾ നോക്കാനാണ്. അല്ലാതെ ക്ഷേത്രഭരണം നിർവ്വഹിക്കാനോ മതപരമായ കാര്യങ്ങൾ നിർവ്വഹിക്കാനോ അല്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായി ഗാർഡ് ഓഫ് ഓണർ നൽകുന്നത് രാജഭരണത്തിൽ നിന്ന് കൈമാറിയപ്പോഴുണ്ടാക്കിയ കവനനന്റിന്റെ ഭാഗമായിട്ടാണ്.
ആചാര വിശ്വാസങ്ങൾ പൊടുന്നനെ ഉണ്ടായതല്ല. കാലാകാലങ്ങളായി പിന്തുടർന്ന് വന്നതാണ് അതിന് പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അതിനുള്ളിൽ കോടതിയും ഭരണാധികാരികളും എംപിയും എംഎൽഎയുമൊക്കെ ഇടപെടുകയാണ് ഇപ്പോൾ. പൂരം നടത്തിപ്പിലും പൂജകളിലുമുൾപ്പെടെ അവരാണ് അഭിപ്രായം പറയുന്നത്. ഹൈന്ദവ ആചാരങ്ങൾ എങ്ങനെ യുക്തിഭദ്രമായി ഹിന്ദുസമൂഹത്തിന് പകർന്നുകൊടുക്കാം എന്നതിന് പ്രത്യേക കർമ്മപദ്ധതി തന്നെ രൂപീകരിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഭക്തരുടെ താൽപര്യമാണ് ആത്യന്തികമായി പരിഗണിക്കപ്പെടേണ്ടതെന്നും ഭരണാധികാരികളുടെ ഭരണനിർവ്വഹണ അധികാരമല്ല ഇവിടെ പരിഗണിക്കപ്പെടേണ്ടതെന്നുമുള്ള തിരിച്ചറിവാണ് ഇവിടെ ഉണ്ടാകേണ്ടതെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.















