തൃശൂർ: ക്രിസ്മസിന് അവധിയെടുത്തതിന് പിന്നാലെ മെമ്മോ നൽകിയതിൽ മനംനൊന്ത് ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണ് സംഭവം. പേരാമ്പ്ര സ്വദേശി ഡീന ജോൺ (51) ആണ് സൂപ്രണ്ടിന്റെ മുറിയിൽ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുളികകൾ തട്ടി കളഞ്ഞതിനാൽ കുറച്ച് ഗുളികകൾ മാത്രമാണ് ഡീന കഴിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച് ഡിസംബർ 23,24,25 തീയതികളിൽ ഡീന മൂന്ന് ദിവസത്തെ ലീവിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ ക്രിസ്മസ് ആഘോഷമുണ്ടെന്നും അതിനാൽ ലീവ് നൽകാൻ കഴിയില്ലെന്നും എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്നും ആശുപത്രി സൂപ്രണ്ട പറഞ്ഞുവെന്ന ഡീന ആരോപിക്കുന്നു. ഇത് അംഗീകരിക്കാതെ ഡീന ലീവെടുക്കുകയായിരുന്നു.
തിരികെ എത്തിയപ്പോഴാണ് ആശുപത്രി സൂപ്രണ്ട് ഡീനയ്‌ക്ക് മെമ്മോ നൽകിയത്. മെമ്മോയ്‌ക്ക് ഡീന നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സൂപ്രണ്ടിന്റെ മുറിയിലേക്ക് ഡീനയെ വിളിപ്പിക്കുകയും സൂപ്രണ്ട് അധിക്ഷേപിച്ച് സംസാരിച്ചെന്നും ഡീന പറയുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമം നടത്തിയത്. ഡീനയുടെ ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ട് തള്ളി.