കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ സന്ദർശക ഗാലറിയിൽ നിന്നും താഴെ വീണ് ഗുരുതരമായി പരിക്കേറ്റ എംഎൽഎ ഉമതോമസിന്റെ ആരോഗ്യസ്ഥിതിയിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. സ്കാനിംഗിൽ ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എംഎൽഎ നിലവിൽ വെന്റിലേറ്ററിലാണ്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശരീരത്തിൽ ചതവുകളും കേടുപാടുകളും സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യകത വരുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അർദ്ധബോധാവസ്ഥയിലാണ് എംഎൽഎയെ ആശുപത്രിയിൽ എത്തിക്കുന്നത്. തലയിലും ശ്വാസകോശത്തിലും രക്തസ്രാവമുണ്ടായിട്ടുണ്ട്. പരിക്കുകൾ പെട്ടന്ന് ഭേദമാക്കാൻ സാധിക്കുന്നവയല്ല. സമയം ആവശ്യമാണ്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് പറയാറായിട്ടില്ല. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് സ്ഥിതി വിലയിരുത്തുന്നത്. 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും കൊച്ചി റിനെ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയായിരുന്നു ഉമാ തോമസ് എംഎൽഎ ക്ക് പരിക്കേറ്റത്. വിഐപി ഗാലറിയിൽ നിന്നും 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അതിഥികളോട് കുശലം പറഞ്ഞ് മുന്നോട്ട് പോകവേ ഗാലറിയുടെ ഒരു വശത്തേക്ക് നീങ്ങുകയും കാൽ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. കോൺക്രീറ്റിൽ തലയിടിച്ച് വീണ എംഎൽഎയെ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.