ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാഷ്‌ട്രപതിയെ സന്ദർശിച്ചത്. പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തും അദ്ദേഹം രാഷ്‌ട്രപതിക്ക് കൈമാറി.
ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരെയും സന്ദർശിച്ച്, യോഗി ആദിത്യനാഥ് ക്ഷണക്കത്ത് കൈമാറി. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരെ സന്ദർശിച്ച് കുംഭമേളയിലേക്ക് ക്ഷണിച്ചിരുന്നു.
ജനുവരി 13-ന് ആരംഭിച്ച് ഫെബ്രുവരി 26-നാണ് കുംഭമേള അവസാനിക്കുന്നത്. കുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കുംഭമേളയുടെ സമാപന ചടങ്ങിൽ 2,000 ലൈറ്റിംഗ് ഡ്രോൺ പ്രദർശനവും നടക്കും. ഇത് തീർത്ഥാടകർക്ക് പുതിയ ദൃശ്യവിരുന്ന് സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ.