എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അഗ്നിശമനസേന. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ഫയർഫോഴ്സ് മേധാവിക്ക് കൈമാറും. മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ മുഖ്യാതിഥികളായെത്തിയ വേദിയിൽ വേണ്ട സുരക്ഷാക്രമീകരണങ്ങൾ യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടിയിരുന്ന സ്ഥാനത്ത് റിബൺ കെട്ടിയ സ്റ്റീൽ പൈപ്പാണ് ഉപയോഗിച്ചിരുന്നത്. സ്റ്റേജുകൾ രണ്ട് മീറ്റർ ഉയരമുള്ളതാണെങ്കിൽ 1.2 മീറ്റർ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുക എന്നതാണ് നിയമം. പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ടത്. എന്നാൽ ഇതിവിടെ ഉണ്ടായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേരയാണ് ഇട്ടത്. ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും മറ്റ് രക്ഷാപ്രവർത്തകരോ, ഡോക്ടർമാരോ ഉണ്ടായിരുന്നില്ല. ദർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചാണ് കൈവരിയൊരുക്കിയത്. പുൽത്തകിടിയിൽ നടത്താനിരുന്ന പരിപാടി സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജൻസികളെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്തുവെങ്കിലും ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. ശ്വാസകോശത്തിലും തലയോട്ടിയിലും പരിക്കുണ്ട്. സ്ഥിതി മെച്ചപ്പെട്ടാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.