പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് ഡിസംബർ 30 ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയില്‍ അഗ്നി പകരും. അതിനു ശേഷം ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കും. രാത്രി 11ന് നട അടയ്ക്കും.
31 മുതൽ പുലർച്ചെ മൂന്നിന് നട തുറന്ന് 11.30 വരെ പതിവ് പൂജകൾ നടക്കും. ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജയ്ക്ക് ശേഷം ഒരുമണിക്ക് നട അടയ്ക്കും. വൈകിട്ട് 3ന് നട തുറക്കും തുടർന്ന് 6.30ന് ദീപാരാധനയും 7 മുതൽ പുഷ്പാഭിഷേകവും നടക്കും. രാത്രി 11ന് നട അടയ്ക്കും.
ജനുവരി 12 ന് ഉച്ചയ്ക്ക് പന്തളം രാജപ്രതിനിധിയുടെ നേതൃത്വത്തില്‍ ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം പന്തളം വലിയകോയിക്കല്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.
ഇത്തവണത്തെ മകരവിളക്ക് (ജനുവരി) 14ന് ആണ് .അന്ന് വൈകിട്ട് 5നാകും നട തുറക്കുക. തുടർന്ന് സംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും മകരവിളക്ക് ദർശനവും നടക്കും. മകരവിളക്ക് പൂജ കണക്കിലെടുത്ത് ജനുവരി 19 വരെ ശബരിമലയിൽ ഭക്തർക്ക് ദർശനം നടത്താമെന്ന് അറിയിച്ചിട്ടുണ്ട്.
19ന് രാത്രി ഹരിവരാസനം പാടിയ ശേഷം മാളികപ്പുറത്ത് വലിയഗുരുതി നടക്കും. 20ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം തിരു നട അടയ്ക്കും.