മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തിരുവനന്തപുരത്തെത്തി. ചിത്രം ഏറെ നാൾ അനിശ്ചിതത്വത്തിലായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിനുള്ളിലാണ് ഷൂട്ടിംഗ് നടക്കുന്നത്.
കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. കോട്ടയം, പാല, ഈരാറ്റുപേട്ട, കൊച്ചി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക. തിരുവനന്തപുരത്ത് രണ്ട് ദിവസമാണ് ഷൂട്ടിംഗ് നടക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജാചടങ്ങുകൾ നടന്നത്.
കേന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. ഫാമിലി ഇമോഷണൽ ത്രില്ലർ ഡ്രാമയെന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വലിയ മുതൽമുടക്കിലൊരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
ഇന്ദ്രജിത്ത്, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.