ആലപ്പുഴ: നൃത്തപരിപാടി നടന്ന കലൂർ സ്റ്റേഡിയത്തിൽ ഒട്ടും സുരക്ഷിതത്വമില്ലായിരുന്നുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത്രയും ഗൗരവമായ അപകടമാണെന്ന് കരുതിയിരുന്നില്ലെന്നും അപകടം നടന്ന സ്റ്റേജിന്റെ സൈഡിൽ റിബൺ വച്ചുള്ള ഒരു സ്റ്റാൻഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സജി ചെറിയാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“സാംസ്‌കാരിക മന്ത്രിയെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. ഗിന്നസ് റെക്കോർഡ് അധികൃതർക്ക് ഈ പരിപാടി അംഗീകരിക്കപ്പെടണമെങ്കിൽ സാംസ്‌കാരിക മന്ത്രി പങ്കെടുക്കണമെന്ന് ഉണ്ടായിരുന്നു. അതിനാലാണ് പങ്കെടുത്തത്. വിളക്ക് കൊളുത്തിയാൽ മാത്രം മതിയെന്നാണ് സംഘാടകർ പറഞ്ഞത്. റെക്കോർഡിന് വേണ്ടി മാത്രമാണ് പരിപാടി എട്ട് മിനിറ്റ് തുടർന്നത്. അതു കഴിഞ്ഞപ്പോൾ നിർത്തിവച്ചു. അതിന് ശേഷം ഞാനും ഹൈബി ഈഡനും കൂടിയാണ് ആശുപത്രിയിൽ പോയത്. പരിപാടിയുടെ മറ്റ് വശങ്ങളിൽ പോരായ്മ ഉണ്ടായിട്ടില്ല”.
“പരിപാടി ആരംഭിക്കാൻ തുടങ്ങുന്ന സമയത്താണ് എംഎൽഎ ഉമ തോമസ് സ്റ്റേജിലേക്ക് വന്നത്. എംഎൽഎ സ്റ്റേജിൽ കയറിവന്ന് ഇരിക്കുന്നത് കണ്ടു. സ്റ്റേജിന്റെ സൈഡിൽ റിബൺ വച്ചുള്ള ഒരു സ്റ്റാൻഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഒട്ടും സുരക്ഷിതത്വമില്ലായിരുന്നു. പിന്നീട് എംഎൽഎ താഴേക്ക് മറിയുന്നതാണ് കണ്ടത്.
സുരക്ഷിതമല്ലാത്ത സ്ഥലത്ത് സ്റ്റേജ് കെട്ടിയതാണ് അപകടത്തിന് കാരണം. ലാഘവത്തോടെയാണ് സംഘാടകർ ഇത് കൈകാര്യം ചെയ്തത്. പൊലീസ് അന്വേഷിക്കുന്നുണ്ട്. 15 അടി ഉയരത്തിലുള്ള സ്റ്റേജിൽ പൂർണമായും സുരക്ഷ ഒരുക്കേണ്ടതാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വലിയ സങ്കടകരമായ സംഭവമാണിത്. എട്ട് മിനിറ്റാണ് പരിപാടി ഉണ്ടായിരുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഉമ തോമസിന്റെ ആരോഗ്യാവസ്ഥയിൽ മാറ്റമുണ്ടെന്നും” സജി ചെറിയാൻ പറഞ്ഞു..















