മീററ്റ്: സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ. യുപി മീററ്റിലാണ് നടക്കുന്ന സംഭവം നടന്നത്. ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കാമുകിയുടെ വീഡിയോ കൂട്ടുകാരൻ സ്വന്തം ഫോണിലേക്ക് കോപ്പി ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. 16 കാരനായ അഭിനവാണ് കൊല്ലപ്പെട്ടത്.
പ്ലസ്‍വൺ വിദ്യാർത്ഥിയായ അഭിനവും പ്ലസ്ടു വിദ്യാർത്ഥിയായ പ്രതിയും അയൽവാസികളാണ്. എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്‌ക്ക് ഇരുവരും ഒരേ കോച്ചിംഗ് സെന്ററിലാണ് പഠിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വച്ച് ഓഫ് ആയിരുന്നു. വീട്ടുകാർ കുട്ടി പഠിച്ചിരുന്ന എൻട്രൻസ് കോച്ചിംഗ് സെന്ററിൽ എത്തിയെങ്കിലും വിവരം ലഭിച്ചില്ല. പ്രതിയോട് ഇക്കാര്യം തിരക്കിയപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ഇരുവരും ഒരുമിച്ച് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും പന്ത്രണ്ടാം ക്ലാസുകാരൻ നടത്തി. ഒടുവിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.
കാമുകിയുടെ വീഡിയോകൾ തന്റെ ഫോണിലുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആ വീഡിയോകൾ അഭിനവ് തന്റെ ഫോണിലേക്ക് മാറ്റി കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങി. തുടർന്നാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നും പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് ചുറ്റിക കണ്ടെടുത്തു.