കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി പരോളിനിറങ്ങി. ഒരു മാസത്തെ പരോളാണ് ജയിൽ ഡിജിപി അനുവദിച്ചത്. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.
മകനെ കാണണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് അമ്മ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച് മനുഷ്യാവകാശ കമ്മീഷൻ നൽകിയ കത്തിലാണ് സുനിക്ക് പരോൾ അനുവദിച്ചത്. തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് സുനി പുറത്തിറങ്ങിയത്.
അതേസമയം പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് പ്രതികൂലമായിരുന്നുവെന്നാണ് വിവരം. ഈ സാഹചര്യത്തിലും സുനിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചുവെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
കൊടി സുനി ഒഴികെ കേസിലെ 10 പ്രതികൾക്ക് നേരത്തെ പരോൾ അനുവദിച്ചിരുന്നു. 10 പ്രതികൾക്ക് ഒരുമിച്ച് പരോൾ നൽകിയത് വിവാദമായിരുന്നു. ജയിൽ അധികൃതരെ മർദ്ദിച്ച കേസ് ഉണ്ടായിരുന്നതിനാലാണ് ജൂലൈ മാസത്തിൽ സുനിക്ക് പരോൾ നിഷേധിച്ചത്.
2012 മെയ് 4 നായിരുന്നു സുനി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർ ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി വടകര ഭാഗത്ത് വച്ചായിരുന്നു സംഭവം. ടിപിയെ പിന്തുടർന്നെത്തിയ സംഘം ബോംബെറിയുകയും തുടർന്ന് ടിപിയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
അതേസമയം പരോൾ അനുവദിച്ചതിനെതിരെ ടിപിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായിയും ആഭ്യന്തര വകുപ്പും അറിഞ്ഞുള്ള ആനുകൂല്യമാണിതെന്ന് കെ.കെ. രമ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. കോൺഗ്രസ് നേതാക്കളും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.















