തിയേറ്ററുകളിൽ തരംഗം തീർത്ത് ബോക്‌സോഫീസ് തകർത്താണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശനം തുടരുന്നത്. ഉണ്ണിയുടെ കരിയറിലെ മറ്റൊരു ടേണിംഗ് പോയിന്റായ സിനിമ ഹിന്ദിയിലും മികച്ച കളക്ഷൻ സ്വന്തമാക്കി. കലാസാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ ഇതിനോടകം സിനിമ കണ്ടിരുന്നു. ഇപ്പോഴിതാ സ്പീക്കർ എ എൻ ഷംസീറും മാർക്കോ കാണാൻ എത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
മാർക്കോയുടെ പോസ്റ്ററിന് മുന്നിൽ നിൽക്കുന്ന ചിത്രമാണ് സ്പീക്കർ പങ്കുവച്ചത്. പിന്നാലെ നന്ദി അറിയിച്ച് ഉണ്ണിയും രംഗത്തെത്തി. മാർക്കോ കണ്ടതിൽ നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഷംസീറിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
View this post on Instagram
ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച സമയത്ത് മാർക്കോയുടെ ആദ്യ ടിക്കറ്റ് ഷംസീർ സ്വന്തമാക്കിയിരുന്നു. ഷെരീഫ് മുഹദിന്റെ നിർമാണത്തിൽ ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന മാർക്കോയ്‌ക്ക് വിജയം ആശംസിക്കുന്നുവെന്നും സ്പീക്കർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു.
ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമ ആക്ഷൻ രംഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്സ്റ്റണാണ്. ദ മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ സിനിമയ്‌ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം.