ന്യൂഡൽഹി: ചെന്നൈയിലെ അണ്ണാ സർവ്വകലാശാല കാമ്പസിൽ വിദ്യാർത്ഥിനിക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് പൊലീസ് നടപടിയിൽ ഡൽഹിയിൽ പ്രതിഷേധം. ഡൽഹിയിലെ തമിഴ്‌നാട് ഭവന് മുൻപിലാണ് എബിവിപി പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും നിലവിൽ അവരെ സ്റ്റാലിൻ സർക്കാർ സംരക്ഷിക്കുകയാണെന്നും എബിവിപി ആരോപിച്ചു. തമിഴ്‌നാട്ടിൽ അറസ്റ്റിലായ എബിവിപി പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നും ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ വിദ്യാർത്ഥിനികളുടെ സുരക്ഷ പോലും ഉറപ്പാക്കാൻ കഴിയില്ലെന്ന് സ്റ്റാലിൻ സർക്കാർ തെളിയിച്ചതായി എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ കുറ്റപ്പെടുത്തി. ഇരയ്‌ക്ക് നീതി ഉറപ്പാക്കാനുള്ള ഒരു അവസരം പോലും എബിവിപി പാഴാക്കില്ലെന്ന് സംഘടനയുടെ ഡൽഹി സംസ്ഥാന സെക്രട്ടറി ഹർഷ് ആത്രി പറഞ്ഞു. ഡൽഹി സർവ്വകലാശാല വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ് സെക്രട്ടറി മിത്രവിന്ദ കരൺവാൾ തുടങ്ങിയവരും പ്രതിഷേധത്തിന് നേതൃത്വം നൽകി. നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

ഡിസംബർ 23 നാണ് അണ്ണാ സർവ്വകലാശാല കാമ്പസിൽ ബിടെക് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. സുഹൃത്തിനൊപ്പം വൈകിട്ട് കാമ്പസിൽ ഇരിക്കുമ്പോഴായിരുന്നു അതിക്രമം ഉണ്ടായത്. സംഭവത്തിൽ കാമ്പസിന് പുറത്ത് ബിരിയാണി കച്ചവടം നടത്തുന്ന ഒരാളെ അറസ്റ്റ് ചെയ്ത് തലയൂരുന്ന സമീപനമാണ് സ്റ്റാലിൻ സർക്കാർ സ്വീകരിച്ചത്. അറസ്റ്റിലായ പ്രതിയുടെ ഡിഎംകെ ബന്ധവും ബിജെപി തുറന്നുകാട്ടിയിരുന്നു.
എബിവിപി സംസ്ഥാന സെക്രട്ടറി യുവരാജ് ഡി ഉൾപ്പെടെയുള്ള നേതാക്കളെയാണ് തമിഴ്‌നാട് പൊലീസ് പ്രതിഷേധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഇവിടെ നടന്ന കുറ്റകൃത്യം മൂടിവെയ്‌ക്കാനാണ് സ്റ്റാലിൻ ശ്രമിക്കുന്നതെന്ന് എബിവിപി സംസ്ഥാന ഘടകം ആരോപിച്ചു.















