കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡിനായി സംഘടിപ്പിച്ച നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉമ തോമസ് എംഎൽഎ സ്‌റ്റേജിൽ നിന്ന് താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ. സുരക്ഷാ നടപടികൾ പാലിച്ചില്ലെന്നും വേണ്ടത്ര അനുമതിയില്ലായിരുന്നുവെന്നും ഉൾപ്പെടെ വിമർശനങ്ങൾ ശക്തമായതോടെയാണ് പൊലീസിന്റെ നടപടി.
നൃത്ത പരിപാടിക്കായി സ്റ്റേഡിയം തരപ്പെടുത്തി നൽകിയ കെ.കെ. പ്രൊഡക്ഷൻസ് ഉടമ കൃഷ്ണ കുമാർ, പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ സി.ഇഒ ഷമീർ അബ്ദുൾ റഹിം, സ്റ്റേജ് നിർമ്മിക്കാൻ കരാർ എടുത്ത ബെന്നി എന്നിവരാണ് അറസ്റ്റിലായത്. പലാരിവട്ടം പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരിപാടിയുടെ അനുമതിയുടെയും മറ്റും വിശദാംശങ്ങളും പൊലീസ് ഇവരിൽ നിന്നും ശേഖരിച്ചു.
സ്റ്റേജിന്റെ ഉൾപ്പെടെ നിർമ്മാണ ചുമതല മൊത്തത്തിൽ ഏറ്റെടുത്ത ഓസ്‌കാർ ഇവന്റ് മാനേജ്‌മെൻറ് ഉടമ നീരജ് നിലവിൽ ഒളിവിലാണ്. ഇയാളും മൃദംഗ വിഷൻ സി.ഇഒ ഷമീർ അബ്ദുൾ റഹിം ഉൾപ്പെടെയുള്ളവരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് പരിപാടി നടത്തിയതെന്നും പങ്കെടുത്തവരിൽ നിന്നുൾപ്പെടെ വ്യാപകമായി പണപ്പിരിവ് നടത്തിയെന്നും ഉൾപ്പെടെയുള്ള പരാതികൾ വ്യാപകമായി ഉയർന്നതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്.
12000 പേരെ പങ്കെടുപ്പിച്ച് നടത്തിയ നൃത്ത പരിപാടിയാണ് വിവാദത്തിലായത്. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ നർത്തകിയും നടിയുമായ ദിവ്യ ഉണ്ണി ഉൾപ്പെടെ പങ്കെടുത്തിരുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ഹൈബി ഈഡൻ എംഎൽഎ ഉൾപ്പെടെയുള്ളവരും ഉദ്ഘാടന പരിപാടിയിൽ എ്ത്തിയിരുന്നു.
എന്നാൽ ഉയരത്തിൽ കെട്ടിയിരുന്ന താൽക്കാലിക സ്റ്റേജിൽ ഒരു സുരക്ഷാ മുൻകരുതലും ഒരുക്കിയിരുന്നില്ല. സ്റ്റേജിന് താഴെ കോൺക്രീറ്റ് സ്ലാബുകളും കിടന്നിരുന്നു. 15 അടി ഉയരത്തിൽ കെട്ടിയ സ്‌റ്റേജിൽ നിന്നും കാൽ വഴുതിയാണ് ഉമ തോമസ് എംഎൽഎ താഴേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിൽ എംഎൽഎയുടെ തലയ്‌ക്ക് മുറിവേൽക്കുകയും വാരിയെല്ല് ഒടിയുകയും ശ്വാസകോശത്തിൽ ചതവുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. പാലാരിവട്ടം റിനെ മെഡിസിറ്റി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ് എംഎൽഎ.