പ്രയാഗ് രാജ്: സംഗമ നഗരമായ പ്രയാഗ്‌രാജിൽ ഒരുക്കിയിരിക്കുന്ന നിരവധി അദ്‌ഭുതങ്ങൾ കൊണ്ട് ഭക്തരെ ആധ്യാത്മിക കാഴ്ചകളുടെ അനുഭൂതിയിലെത്തിക്കുകയാണ് മഹാകുംഭമേള. ജനുവരി 13 മുതൽ ആരംഭിക്കുന്ന മഹാ കുംഭ മേളയ്‌ക്കായി ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നതിനായി നഗരം മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
മതം, ആത്മീയത, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ശില്പങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഭീമാകാരമായ ഒരു ഡമരു ഇപ്പോഴേ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു. മഹാ കുംഭ് ഏരിയയിൽ നിന്ന് അൽപ്പം അകലെ സ്ഥാപിച്ച ഈ ഭീമൻ ഡമരു കാഴ്ചക്കാർക്ക് കണ്ണെടുക്കാൻ പറ്റാത്ത വിധം മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ശൈവ വിശ്വാസത്തിൽ ഡമരുവിന്റെ പ്രാധാന്യം വളരെ വലുതാണ്. ഡമരുവിന്റെ താളത്തിനൊത്തായിരുന്നു ശ്രീപരമേശ്വരൻ താണ്ഡവ നൃത്തം അവതരിപ്പിച്ചത്.
വിശ്വനാഥനായ മഹാദേവന്റെ നഗരമായ കാശിയിൽ നിന്ന് മഹാകുംഭമേള പ്രദേശത്തേക്ക് പ്രവേശിക്കുന്ന വഴിയിൽ ജുൻസി പ്രദേശത്ത് റോഡിന്റെ മധ്യഭാഗത്താണ് ഈ ഭീമൻ ഡമരു സ്ഥാപിച്ചിരിക്കുന്നത്. വെങ്കലവും മറ്റ് ലോഹങ്ങളും കൊണ്ട് നിർമ്മിച്ച ഇത് ഒരു വലിയ തട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഡമരുവിലെ ഓരോ കയറും വ്യക്തമായി കാണത്തക്ക വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഡമരുവിന് പതിമൂന്നടി വീതിയും എട്ടടിയോളം ഉയരവുമാണ് ഉള്ളത്. പ്ലാറ്റ്‌ഫോം കൂടി ചേർത്താൽ ഡമരു വിന്റെ ഉയരം ഇരുപതടിയോളമാകും.
ഈ ഡമരുവിനൊപ്പം ശിവന്റെ ആയുധമായ ത്രിശൂലവും ഉണ്ട് . ഈ ത്രിശൂലം ഡമരുവിനേക്കാൾ ഉയരമുള്ളതാണ്. ഈ ഡമരുവിന്റെ ശിൽപി സുനിൽ പാലും സംഘവുമാണ്. 100 ദിവസത്തെ കഠിന പ്രയത്‌നത്തിലൂടെ ഈ ഡമരു ഒരുക്കിയിരിക്കുന്നത് ഗാസിയാബാദിലെ ഒരു കമ്പനിയാണ് . ഇരുപതോളം വരുന്ന കരകൗശല വിദഗ്ധർ രാവും പകലും കഠിനാധ്വാനം ചെയ്താണ് ഈ ഡമരു തയ്യാറാക്കിയിരിക്കുന്നത്.

ജുൻസിയിൽ റെയിൽവേ പാലത്തിന് സമീപം ഡമരു സ്ഥാപിക്കുന്ന സ്ഥലം പാർക്കായി മാറും. ഇവിടെ റെയിൽവേ ലൈനിന്റെ മറുവശത്ത് ഡമരുവിന്റെ അതേ വലിപ്പത്തിലുള്ള സ്വസ്തികയും ഒരുങ്ങുന്നു. സ്വസ്തികയുടെ നാല് കോണുകളിലും കൈയുടെ ആകൃതിയാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ ഡമരുവും സ്വസ്തികയും ഇപ്പോൾ തന്നെ ജനങ്ങളുടെ ഇടയിൽ ആകർഷണ കേന്ദ്രമായി മാറിയിട്ടുണ്ട്. ആളുകൾ ഇതിനകം തന്നെ ഇതിന്റെ ചിത്രങ്ങളും സെൽഫികളും എടുത്ത് ഇവ വൈറലാക്കി കഴിഞ്ഞു.















