വയനാട്: മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടിയിലെ മദ്രാസിയിലുള്ള വിദ്യാർത്ഥികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്രസയിലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മിഠായി കഴിച്ചവർക്കാണ് വയറുവേദനയുണ്ടായത്.
അടുത്തുള്ള ബേക്കറിയിൽ നിന്നും വാങ്ങിയ മിഠായികളാണ് അൻപതോളം വിദ്യാർത്ഥികൾ കഴിച്ചത്. പിന്നാലെ ചിലർക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 16 കുട്ടികൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി.
അലർജി പ്രശ്നങ്ങൾ ഉള്ള കുട്ടികളിലൊരാളെ കൂടുതൽ പരിശോധനകൾക്കായി മേപ്പാടിയിൽ വിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് മിഠായി വാങ്ങിയ ബേക്കറിയിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നടക്കുകയാണ്.