കന്യാകുമാരി: ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം കന്യാകുമാരിയിൽ ഉദ്‌ഘാടനം ചെയ്തു. വിവേകാന്ദന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് നിർമ്മിച്ച കണ്ണാടിപ്പാലത്തിന്റെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർവഹിച്ചു. പാലം ഇന്നുമുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കും
പുതുതായി ഉദ്ഘാടനം ചെയ്ത പാലത്തിന്റെ ദൃശ്യഭംഗി വർദ്ധിപ്പിച്ച് തിരുവള്ളുവർ പ്രതിമയിൽ ലേസർ ലൈറ്റ് ഷോ സംഘടിപ്പിച്ചു. കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനവും സൗജന്യമാണ്. വിഖ്യാതമായ വിവേകാനന്ദ പാറ സ്മാരകത്തെയും 133 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുണ്ട്. 37 കോടി രൂപ ചെലവിൽ നടപ്പിലാക്കിയ പദ്ധതി സംസ്ഥാന ഹൈവേ വകുപ്പാണ് ഏറ്റെടുത്ത് നടപ്പാക്കിയത്.
പാലം സന്ദർശകർക്ക് കടലിനുമീതെ നടന്നു നീങ്ങുന്ന ആവേശകരമായ അനുഭവം പ്രദാനം ചെയ്യും. കൂടാതെ ഇരുവശങ്ങളിലുമുള്ള സ്മാരകങ്ങൾ സന്ദർശിക്കുകയും ചെയ്യാം. ബൗസ്ട്രിംഗ് ആർച്ച് ഡിസൈനിൽ രൂപകൽപന ചെയ്തിരിക്കുന്ന കണ്ണാടിപ്പാലത്തിന് ഉപ്പുവെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോഴുള്ള പ്രശ്നങ്ങൾ പ്രതിരോധിക്കാൻ കഴിയും. ടൂറിസ്റ്റുകളുടെ കന്യാകുമാരിയിലെ പ്രധാന ആകർഷണമായി കണ്ണാടിപ്പാലം മാറുമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രി അടുത്തിടെ വന്നു പോയതോടെ കന്യാകുമാരി വീണ്ടും ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനത്തിനെത്തിയപ്പോൾ വിവേകാനന്ദ സ്മാരകത്തിൽ നിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ച പാറയിലെത്താൻ താൽക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു. 2018ൽ കേന്ദ്ര മന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണൻ ആയിരുന്നു ഈ കണ്ണാടിപ്പാലം ആദ്യമായി വിഭാവനം ചെയ്തത്.